രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്) :പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്ര സന്ദർശനം നടത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോടൊപ്പമാണ് നരേന്ദ്രമോദി ക്ഷേത്രത്തിലെത്തിയത്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനം.
9.7 കിലോമീറ്റർ ദൈർഘ്യമുള്ള ഗൗരികുണ്ഡ്-കേദാർനാഥ് റോപ്പ് വേ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. മന്ദാകിനി അസ്‌തപഥ്, സരസ്വതി അസ്‌തപഥ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതിയും ഇന്ന് വിലയിരുത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര സന്ദർശന ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേദാർനാഥിലെ സന്ദർശനം പൂർത്തിയാക്കി മോദി ബദ്രിനാഥ് ക്ഷേത്രത്തിലുമെത്തി. ബദ്രിനാഥിനടുത്തുള്ള മന ഗ്രാമത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്‌ച (ഒക്‌ടോബർ 21) രാത്രി പ്രധാനമന്ത്രി ബദ്രിനാഥിൽ തങ്ങും. പ്രധാനമന്ത്രിയുടെ കേദാർനാഥ്, ബദ്രിനാഥ് സന്ദർശനവും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംസ്ഥാന വികസനത്തില്‍ നാഴികക്കല്ലായി മാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
പരമ്പരാഗത വസ്‌ത്രത്തിൽ മോദി : ക്ഷേത്ര സന്ദർശനത്തിന് പ്രധാനമന്ത്രി പരമ്പരാഗത പഹാഡി വസ്ത്രമാണ് ധരിച്ചത്. 'ചോല ഡോറ' എന്നാണ് വസ്‌ത്രത്തിന്‍റെ പേര്. ഹിമാചൽ പ്രദേശിലെ ചമ്പയിലെ സ്ത്രീകളാണ് പ്രധാനമന്ത്രിക്കായി വസ്‌ത്രം നിർമിച്ചത്. പ്രധാനമന്ത്രിയുടെ ഹിമാചൽ സന്ദർശന വേളയിൽ സമ്മാനമായി നൽകിയതാണ് ഈ വസ്‌ത്രം.