അയോധ്യ: രാമക്ഷേത്രത്തിലെ ശ്രീരാമന്‍റെ വിഗ്രഹ പ്രതിഷ്‌ഠ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ശ്രീരാമജന്മഭൂമി ട്രസ്റ്റ്. ക്ഷേത്രത്തിന്‍റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞു. വേദിയിൽ ഒരേസമയം പതിനായിരത്തോളം വിശിഷ്‌ടാതിഥികളെ ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷ്‌ഠ കര്‍മത്തിന്‍റെ ഹോർഡിങ്ങുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കും. ജനുവരി 15 മുതൽ 24വരെയാണ് പരിപാടി നടക്കുക. 'തിരക്കേറിയ ഷെഡ്യൂളിനിടെ, കുറച്ചുസമയം ചടങ്ങില്‍ പങ്കെടുക്കാനായി മാറ്റിവയ്‌ക്കാന്‍ പ്രധാനമന്ത്രിയോട് ഞങ്ങള്‍ അഭ്യർഥിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സാന്നിധ്യം അയോധ്യയ്ക്ക് സവിശേഷമായ അംഗീകാരം നൽകുന്നതാണ്. അത് ലോകത്തിന് മുന്നിൽ രാജ്യത്തിന്‍റെ ബഹുമാനം വർധിപ്പിക്കും.' - ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ഈ ചടങ്ങില്‍ പങ്കെടുക്കാൻ പ്രത്യേക ക്ഷണമില്ലാതെ തന്നെ അനേകം ആളുകൾ അയോധ്യയിലെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് കണക്കുകൂടുന്നത്. സദസില്‍ പതിനായിരം കസേരകൾ ക്രമീകരിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതുകൂടാതെ, പരിപാടിക്ക് മുന്നോടിയായി ക്ഷേത്ര പരിസരം വൃത്തിയും വെടിപ്പുമുള്ളതാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് ക്ഷേത്ര സമിതി. ചടങ്ങ് ലോകം മുഴുവൻ അറിയിച്ച് നടത്താനാണ് സംഘാടകരുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പ്രത്യേക യോഗം ചേർന്നു. രണ്ട് സിംഹങ്ങൾ, രണ്ട് ആനകൾ, ഒരു ഗരുഡൻ, ഹനുമാൻ എന്നീ വിഗ്രഹങ്ങൾ ക്ഷേത്രത്തിന്‍റെ കവാടത്തിൽ സ്ഥാപിക്കും. അടുത്ത മാസത്തോടെ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഉയരുന്നത് 161 അടി ക്ഷേത്രം:69 ഏക്കറില്‍ ലോകത്തെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് സരയൂനദിക്കരയില്‍ ഉയരാൻ പോകുന്ന രാമക്ഷേത്രം. മൂന്ന് നിലകളിലായി 280 അടി വീതിയും 300 അടി നീളവുമുള്ള ക്ഷേത്രം 161 അടി ഉയരത്തിലാണ് നിര്‍മിക്കുന്നത്. രണ്ട് അടി വീതിയില്‍ എട്ട് ലെയറുകളായാണ് തറ. ഉയര്‍ന്ന് നില്‍ക്കുന്ന അഞ്ച് താഴികക്കുടങ്ങള്‍ ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നാണ്.