ന്യൂയോർക്ക് : വൈറ്റ് ഹൗസിന്‍റെ ക്ഷണപ്രകാരം നാല് ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മോദി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗ ദിന പ്രസംഗം നടത്തും. അതേസമയം ഇതിന് മുന്നോടിയായി മോദി വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾക്കായി യോഗ ദിന സന്ദേശം നൽകി.
'ഓഷ്യൻ റിങ് ഓഫ് യോഗ' എന്ന പദ്ധതിയിലൂടെ ഇത്തവണത്തെ അന്താരാഷ്‌ട്ര യോഗ ദിന പരിപാടികൾ കൂടുതൽ സവിശേഷമായിരിക്കുന്നു എന്ന് പറഞ്ഞ മോദി യോഗ എന്ന ആശയവും സമുദ്രത്തിന്‍റെ വിസ്‌തൃതിയുടെയും പരസ്‌പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഓഷ്യൻ ഓഫ് റിങ് എന്ന ആശയമെന്നും വ്യക്‌തമാക്കി.
നമ്മുടെ ഋഷിമാരും യോഗീവര്യൻമാരും യോഗയെ നിശ്ചയിച്ചിരിക്കുന്നത് 'യുജ്യതേ എന്നേൻ ഇതി യോഗ' എന്നാണ്. അതായത് ലോകം മുഴുവൻ ഒരു കുടുംബമെന്ന ആശയത്തിന്‍റെ വിപുലീകരണമാണ് യോഗയുടെ ഈ പ്രചരണം, മോദി പറഞ്ഞു. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.
'ഞങ്ങൾ എപ്പോഴും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പുതിയതിനെ സ്വീകരിക്കുന്നതിനുമുള്ള പാരമ്പര്യങ്ങളെ വിലമതിക്കുന്നു. ഞങ്ങൾ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്‌തു. അവയെ സംരക്ഷിച്ചു. ഞങ്ങൾ വൈവിധ്യങ്ങളെ സമ്പന്നമാക്കി. അവയെ ആഘോഷിക്കുന്നു, മോദി പറഞ്ഞു.
'യോഗ നമ്മുടെ ഉൾക്കാഴ്‌ചയെ വിപുലീകരിക്കുന്നു. ജീവന്‍റെ ഐക്യം സാക്ഷാത്കരിക്കുന്ന ബോധവുമായി യോഗ നമ്മെ ബന്ധിപ്പിക്കുന്നു, അത് ജീവനുള്ളവയോടുള്ള സ്‌നേഹത്തിന്‍റെ അടിസ്ഥാനം നൽകുന്നു. അതിനാൽ യോഗയിലൂടെ നമ്മുടെ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കാം. നാം യോഗ ചെയ്യണം. യോഗയിലൂടെ നമ്മുടെ പ്രതിസന്ധികളെ ഇല്ലാതാക്കാൻ കഴിയും, മോദി പറഞ്ഞു.