ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ഗവര്‍ണര്‍മാര്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ സംഘടനകളെയും വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ രോഗനിര്‍മാര്‍ജനത്തില്‍ വളരെയേറെ മുന്നിലേക്ക് പോകാനാകും. എല്ലാ വിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളെയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തണം.
വിവിധങ്ങളായ സാമൂഹിക സ്ഥാപനങ്ങളും സര്‍ക്കാരുകളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഗവര്‍ണര്‍മാര്‍ മുന്‍കൈയെടുക്കണം. യൂണിവേഴ്സിറ്റി ക്യാമ്പസുകള്‍,കോളജ് ക്യാമ്പസുകള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ വിവിധങ്ങളായ സാമൂഹ്യ ഘടകങ്ങളെ യോജിപ്പിച്ചുള്ള കൊവിഡ് പ്രതിരോധത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് വഹിക്കാനാകുന്ന പങ്ക് വളരെ വലുതാണെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുതിച്ചുയരുന്നതിനിടെ ഗവര്‍ണറുമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.