ഹൈദരാബാദ് : പുനസംഘടനയുടെ ഭാഗമായി ഏഴ് വനിതളെ മന്ത്രിസഭയിലേക്കെത്തിച്ച് രണ്ടാം മോദി സർക്കാർ. ഇതോടെ കേന്ദ്ര മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം 11 ആയി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 12 പേരാണുണ്ടായിരുന്നത്.
രണ്ട് വര്‍ഷം മുമ്പ് മന്ത്രിസഭയിലുണ്ടായിരുന്ന അപ്നാദള്‍ എംപി അനുപ്രിയ പട്ടേൽ തിരിച്ചെത്തിയിട്ടുണ്ട്. ശേഷിക്കുന്ന ആറ് പേരും പുതുമുഖങ്ങളാണ്.
മന്ത്രിമാർ
ലോക് സഭയില്‍ ചിക്മംഗളൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശോഭ കരന്ദ്‌ലജെ സങ്കീര്‍ണാമയ നിരവധി വിഷയങ്ങളിൽ പാർട്ടിക്കായി മുന്നിട്ടിറങ്ങി ശ്രദ്ധയാകര്‍ഷിച്ച നേതാവാണ്.
സൂററ്റില്‍ നിന്നുള്ള എംപി ദർശന ജർദോഷ് 2009 മുതൽ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. സൂററ്റില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി നടത്തിയ പ്രചാരണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
also read:പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം
ടെലിവിഷൻ സംവാദങ്ങളിലൂടെയും പാർലമെന്‍റിലെ മികച്ച പ്രസംഗങ്ങളിലൂടെയും സജീവമായ മീനാക്ഷി ലേഖിയും ഇടംനേടി. പൊതുമേഖല സ്ഥാപനങ്ങളുടെ പാർലമെന്‍റിറി കമ്മിറ്റി ചെയർപേഴ്‌സണായും ദേശീയ വനിത കമ്മിഷൻ അംഗവുമായും പ്രവർത്തിച്ച അനുഭവസമ്പത്ത് ഇവര്‍ക്കുണ്ട്.
ജാർഖണ്ഡിലെ കോഡെർമയില്‍ നിന്നുള്ള അന്നപൂർണ ദേവി യാദവ് ത്രിപുര വെസ്റ്റിനെ പ്രതിനിധീകരിക്കുന്ന പ്രതിമ ഭൗമിക്, മഹാരാഷ്ട്രയിലെ ദിണ്ടോരിയില്‍ നിന്നുള്ള എംപി ഡോ. ഭാരതി പവാർ എന്നിവരാണ് മന്ത്രിസഭയിലെത്തിയ മറ്റ് മൂന്ന് വനിതകള്‍.
നിലവില്‍ നാല് വനിത മന്ത്രിമാർ
ധനമന്ത്രി നിർമല സീതാരാമൻ, സ്മൃതി ഇറാനി, രേണുക സിങ്, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരാണ് നിലവിൽ മന്ത്രിസഭയിലുള്ള വനിതകള്‍.
ഏഴ് പുതിയ മന്ത്രിമാരെ നിയമിച്ചതിന് പുറമേ ദേബശ്രീ ചൗധരിയെ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. വനിത ശിശു വികസന മന്ത്രാലയ സഹമന്ത്രിയായിരുന്നു ദേബശ്രീ.