ന്യൂഡൽഹി: രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും ചരിത്രവും സംഭാവനകളും പ്രദർശിപ്പിക്കുന്ന 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്‍റെ ഭാഗമായാണ് ഇത് സാക്ഷാത്കരിച്ചത്.
പ്രധാനമന്ത്രിമാരെയും ചരിത്രത്തെയും അറിയാം : 43 ഗാലറികളുള്ള സംഗ്രഹാലയത്തിൽ, ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ളവരുടെ ജീവചരിത്രവും സംഭാവനകളുമുണ്ട്. സ്വാതന്ത്ര്യസമരവും ഭരണഘടനാ രൂപീകരണവും സംബന്ധിച്ച പ്രദർശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. വിവിധ പ്രധാനമന്ത്രിമാർ തങ്ങൾ നേരിട്ട വെല്ലുവിളികളിലൂടെ രാഷ്‌ട്രത്തെ എങ്ങനെ നയിക്കുകയും രാജ്യത്തിന്‍റെ സർവതോന്മുഖമായ പുരോഗതി ഉറപ്പാക്കുകയും ചെയ്‌തെന്നും സംഗ്രഹാലയ വിശദീകരിക്കുന്നു.
ഡൽഹിയിലെ ജവഹർലാൽ നെഹ്‌റുവിന്‍റെ പേരിൽ അറിയപ്പെടുന്ന തീൻമൂർത്തി ഭവൻ ബ്ലോക്ക് 1 എന്നും, അതിനോടടുത്ത് പുതുതായി നിർമിക്കുന്ന കെട്ടിടം ബ്ലോക്ക് 2 എന്നും അറിയപ്പെടും. 15,600 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ഈ രണ്ട് ബ്ലോക്കുകളെയും സമന്വയിപ്പിക്കുന്നതാണ് പ്രധാനമന്ത്രി സംഗ്രഹാലയ.