പല്ലി (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരില്‍ ബനിഹാള്‍-കാസിഗുണ്ട് തുരങ്കപാത ഉള്‍പ്പെടെ 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 2019ല്‍ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്‌മീര്‍ സന്ദർശിക്കുന്നത്. ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി കശ്‌മീരിലെത്തിയത്.
20,000 കോടി രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നടന്നു. ഇത് ജമ്മു കശ്‌മീരിന്‍റെ വികസനത്തിന് പുതിയ ഉണർവ് നൽകും', പല്ലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് കൊണ്ട് മോദി പറഞ്ഞു. മേഖലയുടെ വികസനം ത്വരിതപ്പെടുത്താനുള്ള സുപ്രധാന ദിനമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
'ജമ്മു കശ്‌മീരില്‍ കഴിഞ്ഞ 7 പതിറ്റാണ്ടിനിടെ 17,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 2 വർഷത്തിനിടെ 38,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് ലഭിച്ചത്,' മോദി പറഞ്ഞു. ജമ്മു കശ്‌മീരിലെ ജനങ്ങളെ ശാക്തീകരിക്കുന്ന കേന്ദ്ര നിയമങ്ങളാണ് എന്‍ഡിഎ സർക്കാർ നടപ്പാക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.