ജയ്‌പൂർ: ഡൽഹി - മുംബൈ എക്‌സ്‌പ്രസ്‌വേയുടെ ആദ്യഘട്ടം യാഥാർഥ്യമായി. 246 കിലോമീറ്റർ ദൂരമുള്ള ഡൽഹി-ദൗസ-ലാൽസോട്ട് ഭാഗം രാജസ്ഥാനിലെ ദൗസയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്ത് ഇൻഫ്രാസ്‌ട്രക്‌ചറിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഇത്തരം സംവിധാനങ്ങൾ രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്‌ക്കും പുരോഗതിയ്‌ക്കും ഇത് അനിവാര്യ ഘടകമാണെന്നും പറഞ്ഞു.
കഴിഞ്ഞ ഒൻപത് വർഷത്തിൽ കേന്ദ്രം രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. രാജസ്ഥാന് വേണ്ടി ഇതുവരെ 50,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപ വകയിരുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് പല മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് എക്‌സ്‌പ്രസ്‌വേ പ്രയോജനപ്രദമാകും. പ്രാദേശിക കൈത്തൊഴിലാളികൾക്ക് അവരുടെ ഉത്‌പന്നങ്ങൾ വിൽക്കാൻ കഴിയുന്ന ഗ്രാമീണ 'ഹാട്ടുകൾ' അതിവേഗ പാതയ്‌ക്ക് ചുറ്റും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സ്‌പ്രസ്‌വേ കൂടിയാണ്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയാണ് എക്‌സ്‌പ്രസ് വേയുടെ ലക്ഷ്യം. കോട്ട, ഇൻഡോർ, ജയ്‌പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്‌പ്രസ് വേ ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് സൈനിക ഹെലികോപ്‌റ്ററിൽ ദൗസയിലെത്തിയ പ്രധാനമന്ത്രി റിമോട്ട് ബട്ടൺ അമർത്തിയാണ് ഡൽഹി-ദൗസ-ലാൽസോട്ട് സെക്ഷന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി, കേന്ദ്ര സഹമന്ത്രി വി കെ സിങ്, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.