എയ്റോ ഇന്ത്യ 2023-ന് തുടക്കം ബെംഗളൂരു :ഭാവിയില്‍ ആഗോളതലത്തില്‍ പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യ മുന്‍നിര രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശന ഷോ ആയ 'എയറോ ഇന്ത്യ 2023' ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ യലഹങ്ക എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ സമുച്ചയത്തില്‍ ഇന്ന് ആരംഭിച്ച എയ്റോ ഷോ 17നാണ് അവസാനിക്കുന്നത്.
ലോകത്തെ ആകര്‍ഷിക്കാന്‍ തേജസ്:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് 'തേജസ്' ആണ് ഇത്തവണ ഷോയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎൽ) വിമാനം നിര്‍മിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
98 രാജ്യങ്ങളുടെ പങ്കാളിത്തത്തിനാകും എയറോ ഷോ സാക്ഷ്യം വഹിക്കുക. 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, 29 രാജ്യങ്ങളിലെ വ്യോമസേന മേധാവികൾ ഒഇഎമ്മുകളുടെ (ഒറിജിനല്‍ എക്യുപ്‌മെന്‍റ് മാനുഫാക്‌ചറര്‍) 73 സിഇഒമാർ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ എയ്റോ ഇന്ത്യ 2023 പരിപാടിയില്‍ എയർക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ എന്നിവയുടെ ആകാശ പ്രദർശനവും എയ്‌റോസ്‌പേസ്, ഡിഫൻസ് കമ്പനികളുടെ പ്രദർശനവും വ്യാപാര മേളയും നടക്കുന്നുണ്ട്. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പരിപാടിയുടെ 14-ാം പതിപ്പാണിത്.
കരുത്ത് തെളിയിക്കാന്‍ ഇന്ത്യ:'പ്രതിരോധ, ബഹിരാകാശ മേഖലകളിലെ രാജ്യത്തിന്‍റെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ പറ്റിയ വേദിയാണ് എയ്റോ ഇന്ത്യ 2023. ഇത് രാജ്യത്തിന്‍റെ പുതിയ ശക്തിയും കഴിവുകളും ലോകത്തിന് മുന്നില്‍ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന ഒരു ഷോ കൂടിയാണ് ഇത്' - പ്രധാനമന്ത്രി പറഞ്ഞു.
പുതിയ സമീപനങ്ങളും ചിന്താഗതിയുമായി ഒരു രാജ്യം മുന്നോട്ട് നീങ്ങുമ്പോള്‍ ആ രാജ്യത്തിന്‍റെ വ്യവസ്ഥകളിലും മാറ്റം സംഭവിക്കും. അവസരങ്ങളൊന്നും പുതിയ ഇന്ത്യ പാഴാക്കുന്നില്ല.
കഠിനാധ്വാനം നടത്തുന്നതില്‍ നിന്നും പിന്നോട്ട് പോകുകയുമില്ല, പുതിയ നാളെയ്‌ക്കായി എല്ലാ മേഖലയിലും വിപ്ലവം സൃഷ്‌ടിക്കാന്‍ രാജ്യം തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.