വാരാണസി:Kashi Vishwanath Dham: ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെയും പുരാതന ചരിത്രത്തിന്‍റെയും സാക്ഷ്യപത്രമാണ് കാശി വിശ്വനാഥ് ഇടനാഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രം സന്ദർശിക്കുന്നത് വിശ്വാസത്തിന്‍റെയും ഭൂതകാലത്തിന്‍റെ മഹത്വത്തിന്‍റെയും അനുഭവം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 339 കോടി രൂപയുടെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെയും പൗരാണിക ചരിത്രത്തിന്‍റെയും തെളിവാണ് വിശ്വനാഥ് ഇടനാഴി. നമ്മുടെ പുരാതന മൂല്യങ്ങൾ എങ്ങനെ നമ്മുടെ ഭാവിയിലേക്ക് നമ്മെ നയിക്കുന്നു എന്നതിന്‍റെ തെളിവാണിത്. നിങ്ങൾ ഇവിടെ വരുമ്പോൾ, നിങ്ങൾ വിശ്വാസം മാത്രമല്ല കാണുന്നത്. നിങ്ങളുടെ ഭൂതകാലത്തിന്‍റെ മഹത്വവും ഇവിടെ അനുഭവപ്പെടും. പ്രാചീനവും ആധുനികതയും ഒരുമിച്ചു ജീവിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ കാണും. വിശ്വനാഥ ഇടനാഴിയുടെ ഈ പുതിയ സമുച്ചയം നമ്മുടെ ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്‍റെ പ്രതീകമാണ്" പ്രധാനമന്ത്രി മോദി പറഞ്ഞു.
ബാബ വിശ്വനാഥ് എല്ലാവരുടെയും സ്വന്തമാണ്. മാ ഗംഗ എല്ലാവരുടേതുമാണ്. കാശി വിശ്വനാഥ ഇടനാഴി പൂർത്തിയാകുന്നതോടെ ദിവ്യാംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും എളുപ്പത്തിൽ ക്ഷേത്രത്തിലെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.