പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ അയോധ്യ (ഉത്തർപ്രദേശ്) :രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിനായി അയോധ്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീകരിച്ച അയോധ്യ റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനത്തിനായി ശനിയാഴ്‌ച എത്തിയ നരേന്ദ്ര മോദിക്ക് യാത്രാമധ്യേ പുഷ്‌പവൃഷ്‌ടിയോടെയാണ് അണികൾ സ്വീകരണം ഒരുക്കിയത്. പൂക്കളും ചുവർചിത്രങ്ങളും തീമാറ്റിക് അലങ്കാര കോളങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ക്ഷേത്രനഗരി.
മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗിയും ചേർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ശേഷം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അയോധ്യ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അയോധ്യയിലൂടെ പ്രധാനമന്ത്രിയുടെ റോഡ് ഷോയുമുണ്ടായി.
ജനുവരിയിൽ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്ന അയോധ്യ, പ്രധാനമന്ത്രി എത്തിയതിനാലും കനത്ത സുരക്ഷാവലയത്തിലാണ്. ജനുവരി 22 നാണ് പ്രതിഷ്‌ഠ ചടങ്ങ്. ഇതിന് ആഴ്‌ചകൾക്ക് മുമ്പാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അയോധ്യ ജില്ലയിൽ ഏകദേശം 11000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമാണ് മോദി എത്തിയത്.
അതേസമയം നവീകരിച്ച റെയിൽവേ സ്റ്റേഷന് പുറമെ മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളവും അയോധ്യ ധാം വിമാനത്താവളവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ച പ്രധാന മന്ത്രി പുതിയ അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ്ഓഫ് ചെയ്‌തു.
അയോധ്യയിൽ 2 അമൃത് ഭാരത്, 6 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത്. സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ പുതിയ വിഭാഗമാണ് അമൃത് ഭാരത്. എൽഎച്ച്ബി പുഷ്-പുൾ ഫീച്ചർ സജ്ജീകരിച്ചിരിച്ചിട്ടുണ്ടെങ്കിലും ഈ ട്രെയിനുകൾ എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകളോടെയാണ് വരുന്നത്. ഇത് കൂടാതെയുള്ള റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
പുതുതായി നിർമിച്ച അയോധ്യ വിമാനത്താവളം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയോടെ ജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം സംസ്ഥാനത്ത് 15,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനം ലക്ഷ്യംവച്ചുള്ളത് ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളാണ്. ഉത്തർപ്രദേശിന്‍റെ വികസനത്തിനായുള്ള 4600 കോടി രൂപയുടെ പദ്ധതികളാണ് ശേഷിക്കുന്നവ.
1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്‍റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്‍റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്. പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്കാണ് ഇതിന്‍റെ സേവനം ലഭ്യമാകുക. ടെർമിനൽ കെട്ടിടത്തിന്‍റെ മുൻഭാഗത്ത് അയോധ്യയിലെ ശ്രീരാമ മന്ദിറിന്‍റെ ക്ഷേത്ര വാസ്‌തുവിദ്യയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ടെർമിനൽ കെട്ടിടത്തിന്‍റെ അകത്തളങ്ങൾ ശ്രീരാമന്‍റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലകളും പെയിന്‍റിംഗുകളും ചുമർചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇൻസുലേറ്റഡ് റൂഫിംഗ് സിസ്റ്റം, എൽഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ജലധാരകളോട് കൂടിയ ലാൻഡ്സ്കേപ്പിംഗ്, വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, സോളാർ പവർ പ്ലാന്‍റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളാലാണ് അയോധ്യ വിമാനത്താവളത്തിന്‍റെ ടെർമിനൽ ബിൽഡിംഗ് സജ്ജീകരിച്ചിരിക്കുന്നത്.
നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്‍റെ ഒന്നാം ഘട്ടം - അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നാണറിയപ്പെടുന്നത്. 240 കോടിയിലധികം രൂപ ചെലവിലാണ് സ്റ്റേഷൻ വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, പൂജ ആവശ്യങ്ങൾക്കുള്ള കടകൾ, ക്ലോക്ക്റൂമുകൾ, ചൈൽഡ് കെയർ റൂമുകൾ, വെയിറ്റിംഗ് ഹാളുകൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ALSO READ:മോദിയെ സ്വീകരിക്കാന്‍ അയോധ്യ സജജം ; വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും, പിന്നെ റോഡ് ഷോയും
സ്റ്റേഷൻ, ഐജിബിസി സാക്ഷ്യപ്പെടുത്തിയ 'ഹരിത കെട്ടിടം' ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു. അയോധ്യയിൽ ആധുനികവും ലോകോത്തരവുമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുമായും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. നഗരത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്നതാകും അയോധ്യയുടെ പുതിയ മുഖമെന്നും അദ്ദേഹം അറിയിച്ചിരുന്നു.