റോം :ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലി തലസ്ഥാനമായ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് ചാൾസ് മിഷേൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
രണ്ട് ദിവസം നീണ്ട ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വെള്ളിയാഴ്ചയാണ് ഇറ്റലിയിലെത്തിയത്. ഉച്ചകോടിക്കിടെ അദ്ദേഹം നിരവധി ഉഭയകക്ഷി യോഗങ്ങളിലും പങ്കെടുത്തേക്കും.
ആഗോള സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, സുസ്ഥിര വികസനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം എന്നിവയാകും പ്രധാനമായും ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ഇതിന് പുറമെ വിവിധ രാജ്യങ്ങളുടെ തലവൻമാരുമായും മോദി കൂടിക്കാഴ്ച നടത്തും.
ALSO READ:പേര് മാറ്റി ഫേസ്‌ബുക്ക്; മാതൃകമ്പനിയെ മെറ്റയെന്ന് വിളിച്ച് സുക്കര്‍ബര്‍ഗ്
ഒക്‌ടോബർ 30, 31 ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുമായി വത്തിക്കാൻ സിറ്റിയിൽ പ്രധാനമന്ത്രി ഒക്‌ടോബർ 30ന് കൂടിക്കാഴ്ച നടത്തിയേക്കും. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുശേഷം ജി20 ഉച്ചകോടിയിൽ പങ്കെടുക്കും.
ഒദ്യോഗിക വിവരങ്ങളുനസരിച്ച്, ആദ്യദിനമായ ഒക്‌ടോബർ 30ന് നടക്കുന്ന ഉച്ചകോടിക്ക് പുറമേ മൂന്ന് യോഗങ്ങളിൽ കൂടി പങ്കെടുക്കും. ജി20 രാഷ്‌ട്രങ്ങളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി മോദി ഈ അവസരം ഉപയോഗിക്കും.
തുടർന്ന് അതേ ദിവസം തന്നെ ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈൻ ലൂംഗ് എന്നിവരുമായാകും കൂടിക്കാഴ്‌ച നടത്തുക.
അടുത്ത ദിവസം ജി20 ഉച്ചകോടിക്ക് പുറമേ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.