ജഗ്ദല്‍പൂര്‍ : ജനസംഖ്യയ്ക്ക് ആനുപാതികമായി അവകാശങ്ങള്‍ ലഭ്യമാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ (Rahul Gandhi On Caste Survey) വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). 'അബാദി'ക്ക് (ജനസംഖ്യ) ആനുപാതികമായി അവകാശങ്ങള്‍ നല്‍കാനാവുമോയെന്നും മുസ്ലിങ്ങളുടെ അവകാശങ്ങള്‍ (Rights Of Muslims) കുറയ്ക്കാനാണോ കോണ്‍ഗ്രസ് (Congress) ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജഗ്ദല്പുരില് ബിജെപിയുടെ 'പരിവര്‍ത്തന്‍ മഹാസങ്കല്‍പ്' റാലിയില്‍ (Parivartan Mahasankalp Rally) സംസാരിക്കുകയായിരുന്നു അദ്ദേഹം (PM Modi Hits Rahul Gandhi On Caste Survey).
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ന്യൂനപക്ഷങ്ങള്‍ക്കാണ് രാജ്യത്തിന്റെ വിഭവങ്ങള്‍ക്കുമേല്‍ പ്രഥമ അവകാശമെന്നാണ് പറഞ്ഞിരുന്നത്. ഇങ്ങനെ പറഞ്ഞതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് മുസ്ലിങ്ങള്‍ക്കാണ് പ്രഥമ അവകാശമെന്നാണ്. എന്നാല്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അവകാശങ്ങള്‍ കിട്ടണമെന്ന് തീരുമാനിക്കുന്നത് ജനസംഖ്യയാണെന്നാണ് ഇന്ന് കോണ്‍ഗ്രസ് പറയുന്നത്. മുസ്ലിങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും പ്രധാനമന്ത്രി ചോദിച്ചു.
കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം:ആളുകളുടെ 'അബാദി' (ജനസംഖ്യ) വിഭവങ്ങളുടെ അവകാശങ്ങൾ തീരുമാനിക്കുമെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ മോദിയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവരാണ് രാജ്യത്തെ ഏറ്റവും വലിയ അബാദികൾ. അവർക്ക് എല്ലാ വിഭവങ്ങളുടെയും മേൽ ആദ്യ അവകാശമുണ്ടെന്നും ദരിദ്രരുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
ആരുടെ ജനസംഖ്യയാണ് കൂടുതല്‍? ജനസംഖ്യ അനുസരിച്ച് അവകാശങ്ങൾ ഉറപ്പാക്കാൻ കഴിയുമോ? അങ്ങനെയെങ്കില്‍ എല്ലാ അവകാശങ്ങളും ഹിന്ദുക്കൾ എടുക്കണമെന്നാണോയെന്നും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്നതിലാണോ കോൺഗ്രസിന് താത്പര്യമെന്നും പ്രധാനമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് മറ്റേതോ രാജ്യവുമായി രഹസ്യ ഉടമ്പടിയില്‍ എത്തിയിരിക്കുകയും ഇന്ത്യയ്ക്കെതിരെ സംസാരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയുമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.