ന്യൂഡല്‍ഹി: പ്രതിപക്ഷമുയര്‍ത്തിയ അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയ്‌ക്കിടെ കോൺഗ്രസ് ഭരണകാലത്തെ രക്തരൂക്ഷിതമായ ചരിത്രം ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മണിപ്പൂരികളെയും മിസോറാം സ്വദേശികളെയും കൊലപ്പെടുത്തിയതിൽ ഇന്ദിരാഗാന്ധിയുടെ പങ്ക് ആരോപിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
മുമ്പുണ്ടായ ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച്: 1966 ൽ മിസോറാം സ്വദേശികളെ കൊല്ലാൻ ഉത്തരവിട്ടത് ആരാണെന്ന് ചോദിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. എന്തായാലും അവര്‍ ശത്രുരാജ്യത്ത് നിന്നുള്ളവരല്ല. 1966 മാർച്ച് അഞ്ചിന് നിരപരാധികളായ മിസോറാം സ്വദേശികളെ കൊല്ലാൻ ഉത്തരവിട്ടത് അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അശാന്തിയുടെ വിത്ത് പാകിയ അതേ പാര്‍ട്ടിക്ക് എന്നോട് മണിപ്പൂരിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തേടാന്‍ കഴിയുന്നത് എങ്ങനെയാണെന്നും പ്രധാനമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് എന്നും അവർ എക്കാലത്തും അവഗണിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള നിരപരാധികളുടെ വികാരങ്ങള്‍ കൊണ്ടാണ് കളിക്കാറുള്ളതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ചരിത്രം മുന്നില്‍വച്ച് വിമര്‍ശനം:ചരിത്രം ഇതിനെയാണ് ഡിഎന്‍എ വൈകല്യമെന്ന് പറയുന്നത്. ചരിത്രത്തില്‍ കോണ്‍ഗ്രസ് ചെയ്‌തുകൂട്ടിയതിന്‍റെ സാക്ഷ്യമാണ് വടക്കുകിഴക്കൻ മേഖലകളിൽ നിരാശരായ യുവാക്കൾ ആയുധമെടുത്തത്. കോൺഗ്രസിന്‍റെ തെറ്റായ നയങ്ങളുടെയും പതിറ്റാണ്ടുകളുടെ അവഗണനയുടെയും ഫലമായാണ് യുവാക്കൾ അതിലേക്ക് നീങ്ങിയതെന്നും അല്ലാതെ അത് അവരുടെ തെറ്റല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തന്‍റെ ഹൃദയത്തില്‍ തുടരുന്നു എന്നതിന് ഉദാഹരണമാണ് അവിടെയുള്ള വമ്പന്‍ നിര്‍മിതികളും അടിസ്ഥാന വികസനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ഇസ്‌കോണ്‍ ക്ഷേത്രവും നേതാജി പ്രതിമയും ബോംബിട്ട് തകര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണ് ചെയ്‌തതെന്നും എന്നെ ആക്രമിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.