ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 4000ത്തിലധികം അളുകളുടെ ജീവന്‍ പൊലിയാനിടയായ ഭൂകമ്പത്തെ ഓര്‍ത്ത് വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021ല്‍ ആയിരക്കണക്കിനാളുകള്‍ മരണപ്പെടാനിടയായ ഗുജറാത്തിലെ ബുജ് ഭൂകമ്പം ഓര്‍ത്തെടുക്കുകയായിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളന നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന ഭാരതീയ ജനത പാര്‍ട്ടി പാര്‍ലമെന്‍ററി യോഗത്തില്‍ എംപിമാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് വികാരഭരിതനായി സംസാരിച്ചത്.
ബുജ് ഭൂചലനത്തില്‍ മരണപ്പെട്ടത് 20,000ത്തിലധികം പേര്‍: 2001ല്‍ നരേന്ദ്ര മോദി, മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ബുജ് ഭൂചലനം ഉണ്ടാകുന്നത്. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി അന്ന് നേരിട്ട തടസങ്ങളെക്കുറിച്ചും മോദി വിവരിച്ചു. തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്‌ച 7.8, 7.6, 6.0 തീവ്രതയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും രക്ഷപ്രവര്‍ത്തനം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ചും മോദി വിശദീകരിച്ചു. ഇപ്പോള്‍ തുര്‍ക്കി കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'2001ല്‍ ഗുജറാത്തിലെ കച്ച് ജില്ലയില്‍ രൂപപ്പെട്ട ഭൂചലനത്തില്‍ 20,000ത്തിലധികം ആളുകളാണ് മരണപ്പെടാനിടയായത്. 1.5 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് ഭവനരഹിതരായത്'-പ്രധാനമന്ത്രി പറഞ്ഞു.
തിങ്കളാഴ്‌ച ഉണ്ടായ തുടര്‍ച്ചയായ ഭൂചലനത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമായി 4,372 പേരാണ് മരണപ്പെട്ടത്. സിറിയയില്‍ 1,451 പേര്‍ മരണപ്പെടുകയും 3,531 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഭൂചലനത്തില്‍ തകര്‍ന്നതെങ്കിലും നേരത്തെ തന്നെ സന്നദ്ധ സംഘടനകളുടെ സഹായത്തില്‍ കഴിയുന്ന സിറിയയിലെ നാല് ദശലക്ഷം ആളുകളെ ഓര്‍ത്താണ് ഏജന്‍സികള്‍ ഉത്‌കണ്‌ഠപ്പെടുന്നത്.
കൈത്താങ്ങായി ഇന്ത്യന്‍ സംഘം: ഭൂചലനം നാശം വിതച്ച ഇരു രാജ്യങ്ങളിലേക്കും ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യ സംഘം എത്തിക്കഴിഞ്ഞിരിക്കുകയാണ്. തുര്‍ക്കിയിലെ രക്ഷപ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ദുരന്ത നിവാരണ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വിമാനം ഇന്ന് തുര്‍ക്കിയിലെ അദാനയില്‍ എത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. മാത്രമല്ല, രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി 60 പാരമെഡിക്കല്‍, ഡോക്‌ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട രണ്ട് സംഘത്തെ കൂടി ഇന്ത്യ തുര്‍ക്കിയിലേക്ക് അയക്കും.
ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) 50 ലധികം ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, മെഡിക്കൽ സപ്ലൈസ്, ഡ്രില്ലിംഗ് മെഷീനുകൾ, സഹായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ തുര്‍ക്കിയിലെത്തിയത്. ഇന്ത്യയുടെ സഹായമനോഭാവത്തിനും പിന്തുണയ്‌ക്കും നന്ദിയറിയിക്കുന്നതായി ന്യൂഡല്‍ഹിയിലെ തര്‍ക്കിഷ് എംബസി ട്വീറ്റ് ചെയ്‌തിരുന്നു.
അതേസമയം, ഇന്ത്യന്‍ രക്ഷാദൗത്യ സേനയുടെ രണ്ടാം സംഘവും തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി ട്വിറ്ററിലൂടെ അറിയിച്ചു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത രാജ്യങ്ങള്‍ക്കായി സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ബാച്ച് ഇന്ത്യയില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെ യാത്ര തിരിച്ചത്. ഭൂകമ്പത്തില്‍ ജനജീവിതം താറുമാറായ തുര്‍ക്കിയെ സഹായിക്കാന്‍ നിരവധി ലോകരാഷ്‌ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്.