ന്യൂഡൽഹി: പാർലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ചയുടെ ഗൗരവം സർക്കാർ മനസിലാക്കുന്നുണ്ടെന്നും സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi's First Remark on Parliament Security Breach). പ്രതിപക്ഷം ഇതേപ്പറ്റി വാദ പ്രതിവാദങ്ങൾക്ക് നിൽക്കരുതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാലംഘനത്തെ വേദനാജനകവും ആശങ്കാജനകവുമെന്ന് വിശേഷിപ്പിച്ച മോദി സംഭവത്തില്‍ കൂട്ടായ പരിശ്രമത്തോടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും വ്യക്‌തമാക്കി.
അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശനമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഇതിന് പിന്നിലുള്ള ആളുകളുടെ വേരുകളും, അവരുടെ ഉദ്ദേശങ്ങളും കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌പീക്കറും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read:പ്രതികളുടെ ഫോൺ തീയിട്ട് നശിപ്പിച്ചു; പാർലമെന്‍റ് സുരക്ഷാവീഴ്‌ചയിൽ നിർണായക കണ്ടെത്തൽ
"ലോക്‌സഭ സ്‌പീക്കർ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിച്ചുവരുന്നു. പിന്നിലുള്ളത് ആരൊക്കെയാണെന്നും അവരുടെ ലക്ഷ്യങ്ങൾ എന്തെന്ന് കണ്ടെത്തേണ്ടതും പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും." - നരേന്ദ്ര മോദി വ്യക്‌തമാക്കി.
സുരക്ഷാവീഴ്‌ചയ്‌ക്ക് കാരണം തൊഴിലില്ലായ്‌മ:നേരത്തെ സുരക്ഷാവീഴ്‌ചയിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു (Rahul Gandhi Criticized BJP for Parliament Security Breach). രാജ്യത്തെ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ് സുരക്ഷാവീഴ്‌ച ഉണ്ടാകാന്‍ പ്രധാന കാരണമെന്ന് കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപി സർക്കാരിന്‍റെ നയങ്ങളാണ് രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നില്ല രാജ്യത്തെ തൊഴിലില്ലായ്‌മ ഈ സുരക്ഷ ലംഘനം സംഭവിച്ചതിന് വലിയ കാരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. രണ്ട് പേര്‍ സന്ദർശക ഗ്യാലറിയിൽ നിന്ന് ലോക്‌സഭ ചേമ്പറിലേക്ക് ചാടി, കളര്‍ സ്‌പ്രേ ഉപയോഗിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത് എങ്ങനെയാണ്, എന്തുകൊണ്ട്? ഇതെല്ലാം എങ്ങനെ സംഭവിച്ചെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
പ്രതികള്‍ തെളിവ് നശിപ്പിച്ചു:പാർലമെന്‍റ് സുരക്ഷാവീഴ്‌ച കേസിൽ അറസ്‌റ്റിലായ പ്രതികൾ തെളിവ് നശിപ്പിച്ചെന്ന് പൊലീസ് (Police Recovered Pieces of Burnt Phones in Parliament Security Breach Probe). മുഖ്യപ്രതിയായ ലളിത് ഝാ നിർണായക തെളിവായ മൊബൈൽ ഫോണുകൾ കത്തിച്ചതായാണ് പോലീസിന്‍റെ കണ്ടെത്തൽ. ഇയാൾ കത്തിച്ച ഫോണുകളുടെ അവശിഷ്‌ടങ്ങൾ രാജസ്ഥാനിലെ നാഗൗറിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതോടെ പ്രതികൾക്കെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റംകൂടി ചുമത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിൽ അറസ്‌റ്റിലായ ആറാം പ്രതി മഹേഷ് കുമാവതിന്‍റെ സഹായത്തോടെ ലളിത് ഝാ രാജസ്ഥാനിലെ നാഗൗറിൽ താമസിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇന്നലെ (ശനി) ലളിത് ഝായെ നാഗൗറിലെത്തിച്ച് തെളിവെടുത്തത്. ഇവിടെവച്ച് ഇയാൾ എല്ലാ പ്രതികളുടെയും ഫോണുകൾ കത്തിച്ചതായാണ് കണ്ടെത്തിയത്. അന്വേഷണസംഘത്തിന് ഫോണുകളുടെ അവശിഷ്‌ടങ്ങൾ വീണ്ടെടുക്കാനായിട്ടുണ്ട്.
ഫോൺ നശിപ്പിച്ചതായി കണ്ടെത്തിയതോടെ ഡിസംബർ 13 ന് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) ഉൾപ്പെടെയുള്ള കൂടുതൽ ഐപിസി വകുപ്പുകൾ ചേർക്കാൻ തീരുമാനിച്ചതായി ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം തീവ്രവാദ കുറ്റം അടക്കം ചുമത്തിയിട്ടുണ്ടെന്നും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.