ന്യൂഡൽഹി: 74-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്‌തു. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
'റിപ്പബ്ലിക് ദിനാശംസകൾ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ ഇത്തവണത്തെ ചടങ്ങ് കൂടുതൽ സവിശേഷമാണ്. രാജ്യത്തിന്‍റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ'. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി ദേശീയ യുദ്ധസ്‌മാരകം സന്ദർശിച്ച് വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരം അർപ്പിക്കുന്നതോടെയാണ് രാജ്യത്തെ റിപ്പബ്ലിക് ദിനാചരണത്തിന് തുടക്കം കുറിക്കുക. തുടർന്ന് ഓരോ സർവീസിൽ നിന്നും ഏഴ് സൈനികർ വീതം ഇന്‍റർ സർവീസ് ഗാർഡുകൾ രൂപീകരിക്കും.
അതിനുശേഷം പ്രധാനമന്ത്രിയും മറ്റ് വിശിഷ്‌ടാതിഥികളും റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി കർത്തവ്യ പഥിലെ പ്രധാന വേദിയിലേക്ക് നീങ്ങും. ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി.
പ്രസിഡന്‍റ് ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിക്കുന്നതോടെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. പരേഡ് കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ ധീരജ് സേത്താണ് പരേഡിന് നേതൃത്വം നൽകുക. മേജർ ജനറൽ ഭവ്നീഷ് കുമാറാണ് പരേഡ് സെക്കൻഡ് ഇൻ കമാൻഡർ. കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും എൻഎസ്എസ്, എൻസിസി വിഭാഗങ്ങളും കർത്തവ്യപഥിലൂടെയുള്ള പരേഡിൽ അണിനിരക്കും.
പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളും ഇക്കുറി പരേഡിൽ അണിനിരക്കും. കൂടാതെ ഈജിപ്‌ത് സായുധ സേനയും ബാൻഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകും.