അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ നിർദേശം റദ്ദാക്കിയ ഉത്തരവിനെതിരെ നൽകിയ കെജ്‌രിവാളിന്‍റെ പുനഃപരിശോധനാ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനായി ഗുജറാത്ത് സര്‍വകലാശാലയ്ക്ക് ലഭിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ (സി. ഐ. സി) നിര്‍ദ്ദേശം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നായിരുന്നു ഹർജി. ചൊവ്വാഴ്‌ചയാണ് ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയത്.
മാർച്ചിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെതിരെയുള്ള ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ ഹൈക്കോടതി ജസ്റ്റിസ് ബിരേൻ വൈഷ്‌ണവ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചിരുന്നു. കൂടാതെ ഹൈക്കോടതി ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ചുമത്തിയിരുന്നു.
ഗുജറാത്ത് സർവകലാശാലയുടെ വെബ്‌സൈറ്റിൽ നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദത്തെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ലെന്നതാണ് അരവിന്ദ് കെജ്‌രിവാൾ തന്‍റെ പുനഃപരിശോധനാ ഹർജിയിൽ ഉന്നയിച്ച പ്രധാന കാര്യങ്ങളിലൊന്ന്. ഇത് മോദിയുടെ ബിരുദം ഓൺലൈനിൽ ലഭ്യമാണെന്ന ഗുജറാത്ത് സർവകലാശാലയുടെ അവകാശവാദത്തിന് വിരുദ്ധമാണ്.