ന്യൂഡൽഹി:ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് ആദ്യ മെഡൽ നേടിക്കൊടുത്ത വെയ്റ്റ് ലിഫ്‌റ്റർ താരം മീരാബായി ചാനുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. താരത്തോട് സംസാരിച്ച മോദി മികച്ച നേട്ടങ്ങൾ ഇനിയും കൈവരിക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
നേട്ടം ഇന്ത്യക്ക് പ്രചോദനം
ട്വിറ്റിലൂടെയും അദ്ദേഹം മീരാബായി ചാനുവിന് ആശംസകൾ അറിയിച്ചിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ലെന്നും രാജ്യത്തെ ഓരോ ജനതയക്കും ചാനുവിന്‍റെ നേട്ടം പ്രചോദനമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 'Cheer4India' എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു മോദിയുടെ ട്വീറ്റ്.
ചാനുവിന് അഭിനന്ദന പ്രവാഹം
രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചാനുവിനെ അഭിനന്ദനം അറിയിച്ചിരുന്നു. രാജ്യത്തെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ച മീരാബായി ചാനുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. കൂടാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ക്രിക്കറ്റ് താരം സച്ചിൻ തുടങ്ങിയ നിരവധി പ്രമുഖരും ചാനുവിന് അഭിനന്ദനം അറിയിച്ചിരുന്നു.
21 വർഷത്തെ കാത്തിരിപ്പിന് വിരാമം
49 കിലോ വനിത വിഭാഗത്തിലാണ് ചാനുവിന്‍റെ നേട്ടം. 2000 സിഡ്‌നി ഒളിംപിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം ഭാരോദ്വഹനത്തിൽ ഒളിമ്പിക്‌സ് മെഡൽ കരസ്ഥമാക്കുന്നത്. 21 വർഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയകത്തിയാണ് ചാനു വെള്ളിമെഡൽ കരസ്ഥമാക്കിയത്.
READ MORE:ആദ്യ മെഡലുയര്‍ത്തി മീരാബായി ചാനു; ഇന്ത്യയ്ക്ക് വെള്ളി തിളക്കം