ന്യൂഡല്‍ഹി: ബിഹാറില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി. ബിഹാറിന്‍റെ വികസനത്തിനായി എന്‍ഡിഎ സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. ബിഹാറിന്‍റെ ക്ഷേമത്തിനായി കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ബിഹാര്‍ സര്‍ക്കാരില്‍ മന്ത്രിമാരായി അധികാരത്തിലെത്തിയ എല്ലാവരെയും പ്രധാനമന്ത്രി ട്വീറ്റിലൂടെ അഭിനന്ദിച്ചു. ഇത്തവണ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉള്ളത്. തര്‍ക്കിഷോര്‍ പ്രസാദും, രേണു ദേവിയും. ഇവരും സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റു.
നിതീഷ് കുമാറിന് അഭിനന്ദനങ്ങളുമായി മോദി
ബിഹാറിന്‍റെ വികസനത്തിനായി എന്‍ഡിഎ സഖ്യം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി ട്വീറ്റ് ചെയ്‌തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രിമാര്‍ക്കും അഭിനന്ദനങ്ങളറിയിച്ച് ട്വീറ്റ് ചെയ്‌തു. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും നിതീഷ് കുമാറിന് അഭിനന്ദനം അറിയിച്ചു. അദ്ദേഹത്തിന്‍റെ കീഴില്‍ ബിഹാറില്‍ കൂടുതല്‍ വികസനമെത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുത്തു. ബിജെപി ബിഹാര്‍ ഇന്‍ചാര്‍ജ് ദേവേന്ദ്ര ഫഡ്‌നാവിസും ചടങ്ങില്‍ പങ്കെടുത്തു. ജനവിധി എന്‍ഡിഎക്ക് എതിരാണെന്ന് വ്യക്തമാക്കിയ ആര്‍ജെഡി ചടങ്ങില്‍ നിന്നും വിട്ട് നിന്നു. 243 അംഗനിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്.