ന്യൂഡൽഹി :അന്താരാഷ്ട്ര തലത്തില്‍ നിയമാനുസൃതമായ സമുദ്രവ്യാപാരത്തിനുള്ള തടസങ്ങൾ നീക്കണമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വൈകുന്നേരത്തെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സമുദ്രം നമ്മുടെ പൊതു പൈതൃകം'
സമുദ്രവ്യാപാരത്തിന്‍റെ സ്വാഭാവികമായുള്ള ഗതിയെ തടസപ്പെടുത്തുന്ന പ്രവണത ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കടൽ പാതകള്‍ അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ ജീവനാഡിയാണ്.
നേരത്തെ പങ്കിട്ട ഈ സമുദ്ര പാരമ്പര്യം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പറഞ്ഞ മോദി,സമുദ്ര സുരക്ഷാതന്ത്രത്തെക്കുറിച്ചുള്ള അഞ്ച് അടിസ്ഥാന തത്വങ്ങൾ മുന്നോട്ടുവച്ചു.
അന്താരാഷ്ട്ര നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സമുദ്ര തർക്കങ്ങൾ പരിഹരിക്കുക. നിയമാനുസൃതമായ സമുദ്ര വ്യാപാരത്തിനുള്ള തടസങ്ങൾ നീക്കുക. ലോകത്തിന്‍റെ അഭിവൃദ്ധി സമുദ്ര വ്യാപാരത്തിന്‍റെ സജീവമായ ഒഴുക്കിനെ ആശ്രയിച്ചിരിക്കുന്നു. സമുദ്രം നമ്മുടെ പൊതു പൈതൃകമാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സമുദ്ര മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിവയാണ് മോദി അവതരിപ്പിച്ച അഞ്ച് അടിസ്ഥാന തത്വങ്ങൾ.