ന്യൂഡൽഹി: സുസ്ഥിര വികസനം, സംശുദ്ധ ഊർജ്ജം എന്നീ മേഖലകളിൽ ഇന്ത്യ ലോകത്തെ നയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതേ സമയം കൃഷി, ജ്യോതിശാസ്‌ത്രം, പ്രതിരോധം എന്നീ മേഖലകളിൽ സ്വയം പര്യാപ്‌തരാകണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ സി.എസ്.ഐ.ആർ സൊസൈറ്റിയുടെ യോഗത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എസ്.ഐ.ആർ നിരവധി പ്രഗത്‌ഭരായ ശാസ്‌ത്രജ്‌ഞരെ സൃഷ്‌ടിച്ചുവെന്നും പ്രശസ്‌ത ശാസ്‌ത്രജ്‌ഞനായ ശാന്തി സ്വരൂപ് ഭട്‌നഗറിനെ പോലെയുള്ള ശാസ്‌ത്രജ്‌ഞരാണ് ഈ സൊസൈറ്റിയെ നയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്നും എന്നാൽ മനുഷ്യ രാശി വെല്ലുവിളികൾ നേരിടുമ്പോൾ ശാസ്‌ത്രം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. കൊവിഡിൽ നിന്ന് രക്ഷ നേടാൻ ശാസ്‌ത്രജ്‌ഞർ ജനങ്ങൾക്കായി വാക്‌സിൻ തയ്യാറാക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു.