ന്യൂഡൽഹി : സ്വച്ഛ് ഭാരത് എല്ലാവരുടേയും ഒരുപോലെയുള്ള ഉത്തരവാദിത്തമാണെന്നും എല്ലാ ശ്രമങ്ങളും വിലമതിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi says Swachh Bharat is a shared responsibility ). രാജ്യത്തുടനീളമുള്ള ആളുകളോട് ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുചിത്വ യജ്ഞത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. "ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് സുപ്രധാനമായ ഒരു ശുചിത്വ സംരംഭത്തിനായി നമ്മൾ ഒത്തുചേരുന്നു. സ്വച്ഛ് ഭാരത് എന്നത് ഒരു കൂട്ടുത്തരവാദിത്തമാണ്, എല്ലാ ശ്രമങ്ങളും വിലമതിക്കുന്നു. വൃത്തിയുള്ള ഭാവിയിലേക്ക് നയിക്കാനുള്ള ഈ മഹത്തായ ഉദ്യമത്തിൽ ചേരുക", എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു (Prime Minister calls for cleanliness drive).
നേരത്തെ മൻ കി ബാത്തിന്‍റെ 105-ാം എപ്പിസോഡിനിടെയും പ്രധാനമന്ത്രി ഇതേകുറിച്ച് തുറന്നുപറഞ്ഞിരുന്നു. "ഒക്‌ടോബർ ഒന്നിന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് ശുചിത്വത്തെക്കുറിച്ചുള്ള ഒരു വലിയ പരിപാടി സംഘടിപ്പിക്കാൻ പോകുന്നു. നിങ്ങളും സമയമെടുത്ത് ശുചിത്വവുമായി ബന്ധപ്പെട്ട ഈ കാമ്പയിനിൽ സഹായിക്കുക. നിങ്ങളുടെ തെരുവിലോ പരിസരത്തോ പാർക്കിലോ നദിയിലോ തടാകത്തിലോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ ശുചിത്വ കാമ്പയിനിൽ പങ്കുചേരാം" എന്ന് അദ്ദേഹം തന്‍റെ റേഡിയോ പരിപാടിക്കിടെ പറഞ്ഞു
'ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാഥ്' എന്ന കാമ്പയിൻ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള ഒരു മെഗാ ശുചിത്വ ഡ്രൈവ് ആണ്. ഈ സംരംഭം 'സ്വച്ഛത പഖ്വാദ - സ്വച്ഛതാ ഹി സേവ' 2023 കാമ്പയിനിന്‍റെ മുന്നോടിയാണ്. എല്ലാ പൗരന്മാരും ഒക്‌ടോബർ ഒന്നിന് രാവിലെ 10 മണിക്ക് ഒരു മണിക്കൂർ 'സ്വച്ഛതയ്‌ക്കായുള്ള ശ്രമദാൻ' നടത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.