ഹൈദരാബാദ്:രാജ്യം ദീർഘകാലം ഭരിച്ചിട്ടും അധഃപതനത്തിലായിരിക്കുന്ന പാർട്ടികളെ പരിഹസിക്കരുതെന്നും അവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കണമെന്നും ബിജെപി അംഗങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണനത്തിൽ നിന്ന് സഫലീകരണത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യമെന്നും മോദി. ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ അവസാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംയമനം, സന്തുലിത വീക്ഷണം, ഏകോപനം എന്നിവ പാലിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് പറഞ്ഞ മോദി ഇന്ത്യയെ ശ്രേഷ്‌ഠമാക്കുന്നതിന് പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്‌തു. വിവിധ വിഭാഗങ്ങളിലെ ആളുകളിലേക്ക് എത്തിച്ചേരുന്നതിലൂടെ സമൂഹത്തിൽ സ്നേഹവും ഏകോപനവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന 'സ്നേഹ യാത്ര' ആരംഭിക്കാൻ മോദി ആഹ്വാനം ചെയ്‌തു. സദ്ഭരണത്തിന് ജനപക്ഷത്ത് എന്നതാണ് പാർട്ടിയുടെ രാഷ്‌ട്രീയ, ഭരണ മാതൃകയെന്നും മോദി.