ദുബായ്:കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്‍റെ ആവേശകരമായ വരവേല്‍പ്പ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന കണ്‍വന്‍ഷന്‍റെ നയരൂപീകരണ ഘടകമാണ് പരിപാടി സംഘടിപ്പിക്കുന്നത്. COP-28 എന്നത് പാരിസ് ഉടമ്പടിയുടെ 28-ാമത് ഉച്ചകോടിയാണ്.
മെച്ചപ്പെട്ട ഒരു ഗ്രഹസൃഷ്ടിയെന്നതാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ചലനാത്മകമായ സംസ്കാരത്തിന്റെയും ശക്തമായ കെട്ടുപാടിന്‍റെയും സാക്ഷ്യമാണ് തനിക്ക് ഇവിടെ ലഭിച്ച ആവേശകരമായ വരവേല്‍പ്പെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന വികസ്വരരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ യുഎഇയിലെ 33 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹവും വളരെ ആവേശത്തിലാണ്.
യുഎഇയുടെ നേതൃത്വത്തില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയെ താന്‍ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്ന് ദുബായിലേക്ക് പുറപ്പെടും മുമ്പ് ഡല്‍ഹിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാലാവസ്ഥ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ മികച്ച പങ്കാളി കൂടിയാണ് യുഎഇ. പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയുള്ള സാമൂഹ്യ-സാമ്പത്തിക വികസനത്തിനാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്.
ജി20 അധ്യക്ഷ സ്ഥാനത്തിരുന്നപ്പോഴും ഇന്ത്യ പരിസ്ഥിതിക്കാണ് ഏറെ പ്രാധാന്യം നല്‍കിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ കൊണ്ടുവരാനായി. COP28ലും ഇത്തരം വിഷയങ്ങളില്‍ സമവായം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു.