സിക്കാർ : രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ പ്രസംഗത്തിൽ 'റെഡ് ഡയറി'യെ കുറിച്ച് പരാമർശിച്ച് നരേന്ദ്രമോദി. കോൺഗ്രസ് സർക്കാരിന്‍റെ നിഗൂഢമായ രഹസ്യങ്ങൾ 'റെഡ് ഡയറി'യിലുണ്ട് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയെ തകർക്കാൻ ഡയറിയിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ കഴിയുമെന്നും മോദി പറഞ്ഞു.
'റെഡ് ഡയറി' :തന്‍റെ 'റെഡ് ഡയറി'യിലെ 'രഹസ്യങ്ങള്‍' നിയമസഭയില്‍ അവതരിപ്പിക്കാനായി എത്തിയ രാജസ്ഥാന്‍ മുന്‍ മന്ത്രി രാജേന്ദ്ര സിങ് ഗുധയെ സഭ കവാടത്തില്‍ വച്ച് തടഞ്ഞ സംഭവം കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ തന്‍റെ ഡയറിയിലുണ്ടെന്നായിരുന്നു രാജേന്ദ്ര സിങ് ഗുധയുടെ വാദം. സ്‌പീക്കറുടെ പ്രത്യേക അനുമതിയോടെ സഭയ്ക്കുള്ളിൽ എത്തിയ മുൻ മന്ത്രി സംസാരിക്കാന്‍ ആരംഭിച്ചതോടെ കോണ്‍ഗസ്- ബിജെപി എംഎല്‍എമാര്‍ ബഹളമുണ്ടാക്കുകയും സ്‌പീക്കര്‍ സഭ പിരിച്ചുവിടുകയുമായിരുന്നു.
രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനെയും മുഖ്യമന്ത്രിയെയും സംശയത്തിന്‍റെ മുൾമുനയിൽ നിർത്താൻ റെഡ് ഡയറിയെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. തന്നെ കോൺഗ്രസ് എംഎൽഎമാർ മർദിച്ചെന്നും തന്‍റെ ഡയറി തട്ടിയെടുത്ത് അതിലെ ചില പേജുകൾ അവർ കീറിക്കളഞ്ഞെന്നും രാജേന്ദ്ര സിംഗ് പിന്നീട് ആരോപിക്കുകയും ചെയ്‌തിരുന്നു.
മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സംഭവം : സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് വീഴ്‌ച പറ്റിയെന്ന തരത്തിലുള്ള പ്രസ്‌താവനയെ തുടർന്നാണ് രാജേന്ദ്ര സിംഗ് ഗുധയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. സംസ്ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷ അപകടത്തില്‍ ആണെന്നും മണിപ്പൂരിലെ സ്‌ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് സ്വന്തം സംസ്ഥാനത്തിന്‍റെ അവസ്ഥ ശ്രദ്ധിക്കണമെന്നുമായിരുന്നു ഗുധയുടെ പ്രസ്‌താവന. നിയമസഭയില്‍ നടത്തിയ ഈ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ഗുധയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് തീരുമാനിക്കുകയായിരുന്നു.