ന്യൂഡൽഹി: കൊവിഡിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം വിതരണം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമായി പ്രഖ്യാപിച്ച പ്രതിമാസ സഹായം 4000 രൂപയാണ് പ്രധാനമന്ത്രി വിതരണം ചെയ്‌തത്. പിഎം കെയർ പദ്ധതിയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു അദ്ദേഹം ധനസഹായം വിതരണം ചെയ്‌തത്.
പദ്ധതി പ്രകാരം അർഹരായ സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് കൈമാറി. പിഎം കെയേഴ്‌സിന്‍റെ പാസ്‌ബുക്കും ആയുഷ്‌മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ഹെൽത്ത് കാർഡും പരിപാടിയിൽ കുട്ടികൾക്ക് കൈമാറി. ഹെൽത്ത് കാർഡ് വഴി അഞ്ച് ലക്ഷം രൂപ വരെ കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാകും.
ഉന്നത വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ കോഴ്‌സുകൾക്കും വിദ്യാർഥികൾക്ക് ലോൺ നൽകുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ വർഷം മെയ് 29നാണ് പ്രധാനമന്ത്രി പിഎം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ് മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്‌ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക.