ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിൽ നിന്ന് 500 മെഡിക്കൽ ഓക്‌സിജൻ പ്ലാന്‍റുകളുടെ നിർമാണത്തിന് പണം അനുവദിച്ചു. മൂന്ന് മാസത്തിനുള്ളിൽ പ്ലാന്‍റുകളുടെ നിർമാണം പൂർത്തിയാക്കണമെന്നാണ് നിർദേശം. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി പേരാണ് വിവിധ നഗരങ്ങളിലായി മരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഏപ്രിൽ 24ന് പുറത്തിറക്കിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 23ന് ചേർന്ന ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
500 ഓക്സിജൻ പ്ലാന്‍റുകള്‍ക്കായി പിഎം കെയർ ഫണ്ട് അനുവദിച്ചു - മെഡിക്കൽ ഓക്‌സിജൻ സൗകര്യം
വിവിധ നഗരങ്ങളിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് നിരവധി കൊവിഡ് രോഗികളാണ് മരിച്ച് വീണത്.
ഡിആർഡിഒയുടെ സഹായത്തോടെ രാജ്യതലസ്ഥാനത്തെ അഞ്ച് ആശുപത്രികളിലായി അഞ്ച് ഓക്‌സിജൻ പ്ലാന്‍റുകൾ നിർമിക്കുമെന്ന് യോഗത്തിൽ തീരുമാനമായിരുന്നു. എയിംസ് ട്രോമ സെന്‍റർ, ഡോക്‌ടർ റാം മനോഹർ ലോഹ്യ ആശുപത്രി, സഫ്‌ദർജംഗ് ആശുപത്രി, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, എയിംസ് ജജ്ജർ എന്നീ ആശുപത്രികളിലാണ് ഓക്‌സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാൻ തീരുമാനമായത്. ഒരാഴ്‌ചക്കുള്ളിൽ രണ്ട് പ്ലാന്‍റുകൾ കോയമ്പത്തൂരിലെ ട്രിഡന്‍റ് ന്യൂമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് യുദ്ധകാലാടിസ്ഥാനത്തിൽ എത്തിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്:1,000 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഇന്ത്യക്ക് നല്‍കി റേതയോൺ