ഹൈദരാബാദ് : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 (Aditya L1) വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ പ്രതികരണങ്ങളുമായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ (ISRO Chairman) എസ് സോമനാഥും (S Somanath) പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദിയും (Narendra Modi). പിഎസ്എൽവി (PSLV) റോക്കറ്റിൽ നിന്ന് ആദിത്യ എൽ 1 വിജയകരമായി വേർപെട്ടതിന് പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം (PM and ISRO Chairman on Aditya L1).
എല്ലാം പ്രതീക്ഷിച്ച പോലെ :റോക്കറ്റിൽ നിന്ന് ആദിത്യ എൽ 1 വിജയകരമായി വേർപെട്ടതായും ബഹിരാകാശ പേടകം കൃത്യമായി ഭ്രമണപഥത്തിൽ (Orbit) കയറിയതായും ഐഎസ്ആർഒ (ISRO) തലവന്‍ എസ്.സോമനാഥ് പറഞ്ഞു. ആദിത്യ എൽ 1 ബഹിരാകാശ പേടകത്തെ 235 by 19,500 കിലോമീറ്റർ നീളമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പിഎസ്എൽവി വളരെ കൃത്യമായി എത്തിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മാത്രമല്ല ഇന്ത്യയുടെ കന്നി ബഹിരാകാശ അധിഷ്ഠിത ശാസ്‌ത്ര നിരീക്ഷണ സൗരോർജ ദൗത്യത്തിന്‍റെ (Solar Mission) വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‌ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു.
അഭിനന്ദനവുമായി പ്രധാനമന്ത്രി : തൊട്ടുപിന്നാലെ ദൗത്യത്തിനും ഐഎസ്‌ആര്‍ഒയ്‌ക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമെത്തി. ചന്ദ്രയാൻ 3 ന്‍റെ വിജയത്തിന് ശേഷം, ഇന്ത്യ അതിന്‍റെ ബഹിരാകാശ യാത്ര തുടരുകയാണ്. ഇന്ത്യയുടെ ആദ്യത്തെ സൗരോർജ ദൗത്യമായ ആദിത്യ എല്‍ 1 ന്‍റെ വിജയകരമായ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്‌ആര്‍ഒയിലെ ശാസ്‌ത്രജ്ഞര്‍ക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള അശ്രാന്തമായ ശാസ്‌ത്രീയ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.