തിരുവള്ളൂര്‍ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ 12-ാം ക്ലാസ് വിദ്യാർഥിനിയെ ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂരിലെ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുകയായിരുന്നു കുട്ടി. സ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്‌റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായും പൊലീസ് സൂപ്രണ്ട് പി സെഫാസ് കല്യാൺ പറഞ്ഞു. കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച്-സിഐഡിക്ക് കൈമാറിയതായി ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് എം സത്യപ്രിയ അറിയിച്ചു.
സ്‌കൂൾ ഹോസ്റ്റലിന് ആവശ്യമായ അനുമതികൾ ഉണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. സമാനമായ ഒരു കേസിൽ മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിർദേശപ്രകാരം, പോസ്റ്റ്‌മോർട്ടം വീഡിയോഗ്രാഫ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ജൂലൈ 12ന് കള്ളക്കുറിച്ചിയില്‍ 17കാരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌ത സംഭവം തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ചയായിരുന്നു.