ന്യൂഡല്‍ഹി: കണ്ണൂരില്‍ ഭീതി വിതച്ച് അലഞ്ഞ് നടക്കുന്ന അപകടകാരികളായ തെരുവു നായ്‌ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടി സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേരളത്തിന് നോട്ടിസ് അയച്ചത്. ജൂലൈ ഏഴിനകം മറുപടി നൽകാനാണ് നിർദേശം.
തെരുവ് നായ്ക്കളുടെ ആക്രമണം ഉന്നയിച്ച് കണ്ണൂർ ജില്ല പഞ്ചായത്ത് സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി സംസ്ഥാനത്തോട് പ്രതികരണം ആരാഞ്ഞത്. ഈ മാസം കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഉണ്ടായ ആക്രമണത്തിൽ 11 വയസുള്ള ഭിന്നശേഷിക്കാരനായ ആൺകുട്ടി മരിച്ചിരുന്നു. ജൂലൈ 12നാണ് വിഷയം കോടതി വീണ്ടും പരിഗണിക്കുന്നത്. ജൂലൈ ഏഴിനകം പ്രതികരണം സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
2019ല്‍ 5,794 തെരുവുനായ ആക്രമണങ്ങളും 2020ല്‍ 3,951 ആക്രമണങ്ങളും 2021ല്‍ 7,927 ആക്രമണങ്ങളും 2022ല്‍ 11,776 ആക്രമണങ്ങളും ജില്ലയില്‍ നടന്നതായാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ വര്‍ഷം ജൂണ്‍ 19 വരെ 6,276 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തുവെന്നും ഹര്‍ജിയില്‍ പറയുന്നു. ജില്ല പഞ്ചായത്ത് പരിധിയില്‍ 28,000 തെരുവു നായ്‌ക്കള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഭീഷണി തുടരുകയാണെന്നാണ് ജില്ല പഞ്ചായത്ത് ഹര്‍ജിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദിനെ തെരുവു നായ ആക്രമിച്ചത്. അരയ്‌ക്ക് തൊഴെ ഗുരുതരമായി പരിക്കേറ്റ നിഹാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭിന്നശേഷിക്കാരനായ നിഹാലിനെ വൈകിട്ട് അഞ്ചുമണിയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.