ന്യൂഡൽഹി :പൊലീസ് സംഘത്തിന് നടുവില്‍ മാഫിയ തലവനും രാഷ്‌ട്രീയ നേതാവുമായിരുന്ന അതിഖും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര വിദഗ്‌ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്‌പര്യ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീം കോടതിയിൽ പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്. 2017 മുതൽ നടന്ന എൻകൗണ്ടറുകളെ കുറിച്ചും ഈ സമിതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2017 മുതൽ നടന്ന 183 എൻകൗണ്ടറുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വികാസ് ദുബെയെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളെയും എൻകൗണ്ടറിൽ കൊലപ്പെടുത്തിയ 2020ലെ കാൺപൂർ ബിക്രു എൻകൗണ്ടറിനെ കുറിച്ചും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
വികാസ് ദുബെയുടെ കാൺപൂർ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് താൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അതിഖ് അഹമ്മദിന്‍റെ മകൻ അസദിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം ഉത്തർപ്രദേശ് പൊലീസ് ആവർത്തിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഉത്തർപ്രദേശ് പൊലീസ് സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമി സംഘം അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്തിയത്. ഈ സംഭവം ജനാധിപത്യത്തിനും നിയമവാഴ്‌ചയ്‌ക്കും കടുത്ത ഭീഷണിയാണെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.