ന്യൂഡൽഹി : 'രാമസേതു' ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അശോക് പാണ്ഡെയാണ് വിഷയത്തിൽ പൊതുതാത്‌പര്യ ഹർജി നൽകിയത്. കൂടാതെ ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി രാമസേതുവിനോട് ചേർന്ന് മതിൽ പണിയണമെന്നും അശോക് പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്.
'രാമസേതു': അതേസമയം രാമസേതു ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി എത്രയും വേഗം പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. 'ആദംസ് ബ്രിഡ്‌ജ് ' എന്നറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്‍റെ തെക്ക് - കിഴക്കൻ തീരത്തുള്ള പാമ്പൻ ദ്വീപിനും ശ്രീലങ്കയുടെ വടക്ക് - പടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയാണ്.
സേതു സമുദ്രം കപ്പൽ ചാൽ പദ്ധതി : യുപിഎ സർക്കാരിന്‍റെ കാലത്തെ സേതു സമുദ്രം കപ്പൽ ചാൽ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ രാമസേതു ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി 2007 ൽ പദ്ധതിയുടെ പ്രവർത്തനം സ്‌റ്റേ ചെയ്‌തു. പദ്ധതിയുടെ സാമൂഹിക സാമ്പത്തിക പോരായ്‌മകൾ പരിഗണിക്കുന്നതായും അതിനാൽ രാമസേതുവിന് കേടുപാടുകൾ വരുത്താതെ ഷിപ്പിങ് ചാനൽ പദ്ധതിയിലേക്ക് മറ്റൊരു വഴി കണ്ടെത്താമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.