ടോക്കിയോ: ജപ്പാനിലെ ടോക്കിയോ ഹനേദ വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ JAL-516 എന്ന വിമാനത്തിലാണ് ചൊവ്വാഴ്‌ച തീപിടുത്തമുണ്ടായത്. റണ്‍വേയില്‍ വച്ച് കോസ്റ്റ് ഗാര്‍ഡിന്‍റെ വിമാനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം (Plane catches fire at Tokyo's Haneda airport).
യാത്രക്കാരും ജീവനക്കാരുമടക്കം 379 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിയന്തര വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. വിമാനം പൂര്‍ണമായി കത്തിയതായാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഹനേദയിലെ റണ്‍വേയില്‍ വച്ചാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ വിമാനവുമായി കൂട്ടിയിടിച്ച് ജപ്പാന്‍ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ തീപടര്‍ന്നത്. കോസ്‌റ്റ് ഗാര്‍ഡ് വിമാനത്തിലെ പൈലറ്റ് തലനാരിഴ്‌ക്ക് രക്ഷപ്പെട്ടു. എന്നാല്‍ 5 ജീവനക്കാര്‍ക്ക് കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ജീവന്‍ നഷ്‌ടമായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ലാൻഡിംഗിന് പിന്നാലെയായിരുന്നു കോസ്റ്റ് ഗാര്‍ഡ് വിമാനവുമായി ജപ്പാന്‍ എയര്‍ലൈന്‍സ് കൂട്ടിയിടിച്ചത്. തീ പിടിച്ച വിമാനം മുന്നോട്ട് നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തങ്ങളുടെ വിമാനത്തിലെ പൈലറ്റ് രക്ഷപ്പെട്ടെങ്കിലും അഞ്ച് ജീവനക്കാരെ കാണാനില്ലെന്ന് ജാപ്പനീസ് കോസ്റ്റ് ഗാർഡ് പൈലറ്റ് പറഞ്ഞിരുന്നു. പിന്നീട് ഇവരെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
റൺവേയിലൂടെ നീങ്ങുന്നതിനിടെ ജപ്പാൻ എയർലൈൻസ് വിമാനത്തിന്‍റെ വശങ്ങളിൽ നിന്നും തീയും പുകയും ഉയരുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവിയിലൂടെയും മറ്റും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ വിമാനത്തിന്‍റെ ചിറകിന് ചുറ്റുമുള്ള ഭാഗത്തേക്കും തീപടർന്നു. ഒരു മണിക്കൂറിന് ശേഷം പുറത്തുവന്ന വീഡിയോയിൽ വിമാനത്തിന് പൂർണമായും തീപിടിക്കുന്നതായി കാണാം.