ന്യൂഡല്‍ഹി:വീട്ടില്‍ 250 കോടിയോളം രൂപ ഒളിപ്പിച്ചതിന് സുഗന്ധ വ്യാപാരിയായ പീയുഷ് ജെയ്‌ന്‍ പിടിയിലായത് ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ്. ജി.എസ്.ടിയുടെ ഇന്‍റലിജൻസ് വിഭാഗം കാൺപൂരിലെയും കനൗജിലെയും വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിലാണ് കോടികൾ വിലമതിക്കുന്ന പണവും സ്വർണവും പിടിച്ചെടുത്തത്. 120 മണിക്കൂര്‍ നീണ്ട റെയ്‌ഡിനൊടുവില്‍ സി.ജി.എസ്.ടി ആക്‌ട് സെക്ഷന്‍ 69 പ്രകാരമാണ് ജെയ്‌നിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
'പുറത്തിറങ്ങുന്നത് കുര്‍ത്തയിട്ട്'
ഉത്തര്‍പ്രദേശിലെ പ്രമുഖ വ്യവസായിയുടെ അറസ്റ്റോടു കൂടി നിരവധി കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സംഗതി കള്ളത്തരമാണ് കാണിച്ചതെങ്കിലും ലാളിത്യം ഒന്നുവേറെത്തന്നെയാണ് എന്നാണ് പീയുഷിന്‍റെ ജന്മനാടായ കനൗജിലെ പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. നഗരത്തിൽ ഇറങ്ങിയിരുന്നത് എൽ.എം.എൽ സ്‌കൂട്ടറിലായിരുന്നു. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും റബ്ബർ ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്.
കുർത്തയോ പൈജാമയോ ധരിച്ചാണ് പൊതുവെ പുറത്തിറങ്ങാറെന്നും കനൗജ് ചിപ്പട്ട പ്രദേശത്തെ അയൽവാസികൾ പറയുന്നു. സമ്പന്നനായിട്ടും ലാളിത്യം സൂക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് നല്ലതുപറയാനുണ്ടെങ്കിലും ഇടപെടലില്‍ മറിച്ചാണ് അദ്ദേഹത്തെക്കുറിച്ച് അവര്‍ പങ്കുവക്കുന്നത്. പീയുഷ് പൊതുവെ ആളുകളുമായി അടുത്ത് ഇടപെടുന്ന ആളല്ല. കനൗജ് സന്ദർശിച്ചാല്‍ ആവശ്യമായ സമയം ചെലവിട്ട് ഉടൻ കാൺപൂരിലേക്ക് മടങ്ങുന്നതാണ് ശീലമെന്നും അവര്‍ പറയുന്നു.
'ജനിച്ച വീടിനും വന്‍ പ്രതാപം'
പീയുഷിന്‍റെ അച്ഛൻ മഹേഷ് ചന്ദ്ര ജെയിൻ ഒരു രസതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ട് മക്കളായ അംബ്രീഷും പീയുഷും പെർഫ്യൂം നിർമാണം പഠിക്കുകയും ഒഡോകെം കെമിക്കൽസ് ആരംഭിക്കുകയുമായിരുന്നു. രണ്ട് വർഷം മുന്‍പാണ് പീയുഷിന്‍റെ അമ്മ മരിച്ചത്.