കേരളം

kerala

ETV Bharat / bharat

കോക്ക്പിറ്റിൽ പെണ്‍സുഹൃത്തിനെ പ്രവേശിപ്പിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ, പൈലറ്റിന് സസ്‌പെൻഷൻ

ഫെബ്രുവരി 27നാണ് എയർ ഇന്ത്യയുടെ എഐ-915 ഡൽഹി-ദുബായ് വിമാനത്തിലെ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്ക്പിറ്റിൽ പ്രവേശിപ്പിച്ചത്

ഡിജിസിഎ  കോക്ക്‌പിറ്റ്  എയർ ഇന്ത്യ  ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ  പെണ്‍സുഹൃത്തിനെ കോക്‌പിറ്റിൽ പ്രവേശിപ്പിച്ചു  ഫ്‌ളൈറ്റ് കോക്ക്പിറ്റ് ലംഘനം  DGCA  Air India  female friend into cockpit  Air India fined 30 lakhs
എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ

By

Published : May 12, 2023, 8:02 PM IST

ന്യൂഡൽഹി: ഡിജിസിഎയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തിന്‍റെ കോക്ക്‌പിറ്റില്‍ പൈലറ്റിന്‍റെ പെണ്‍ സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. കൂടാതെ വിമാനം ഓടിച്ച പൈലറ്റിന് മൂന്ന് മാസത്തെ സസ്‌പെൻഷനും ഡിജിസിഎ വിധിച്ചു. ഫെബ്രുവരി 27ന് എയർ ഇന്ത്യ എഐ-915 ഡൽഹി-ദുബായ് വിമാനത്തിലാണ് ഗുരുതരമായ സുരക്ഷ വീഴ്‌ചയുണ്ടായത്.

വിമാനത്തിന്‍റെ പൈലറ്റ് അതീവ സുരക്ഷ ക്യാബിനായ കോക്‌പിറ്റിൽ തന്‍റെ പെണ്‍സുഹൃത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിന്‍റെ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് അതേ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗം പരാതി നൽകുകയായിരുന്നു. പിന്നാലെ സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്ററി ബോഡി ഡിജിസിഎ അന്വേഷണം ആരംഭിക്കുകയും റിപ്പോർട്ട് നൽകുകയുമായിരുന്നു.

ദുബായ്-ഡൽഹി ഫ്‌ളൈറ്റ് കോക്ക്പിറ്റ് ലംഘനം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, ഫ്‌ളൈറ്റ് സേഫ്റ്റി ചീഫ് ഹെൻറി ഡോണോഹോ എന്നിവർക്ക് കഴിഞ്ഞ മാസം ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി ബോഡി ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.

ഏപ്രിൽ 21ന് അയച്ച നോട്ടിസിൽ മറുപടി നൽകാൻ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. എയർ ഇന്ത്യയുടെ സിഇഒയ്ക്ക് നിയമ ലംഘനം നടന്നതിനെ സംബന്ധിച്ച് വിമാനത്തിലെ ഓപ്പറേറ്റിംഗ് ക്രൂ അംഗത്തിൽ നിന്ന് പരാതി ലഭിച്ചുവെന്നും എന്നാൽ ഗുരുതരമായ സുരക്ഷ വീഴ്‌ച ഉണ്ടായിട്ടും എയർ ഇന്ത്യ ഉടനടി തിരുത്തൽ നടപടി സ്വീകരിച്ചില്ലെന്നും ഡിജിസിഎ ആരോപിച്ചിരുന്നു.

തുടർന്ന് വിമാനക്കമ്പനിയിൽ നിന്ന് പ്രതികരണം വൈകിയതോടെ പരാതിക്കാരി ഡിജിസിഎയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്‍റെ ഫലത്തെ അടിസ്ഥാനമാക്കി സുരക്ഷാ-സെൻസിറ്റീവ് പ്രശ്‌നം ഉടനടി ഫലപ്രദമായി പരിഹരിക്കാത്തതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

കൂടാതെ, എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം നിക്ഷിപ്‌തമായ അധികാരം ദുരുപയോഗം ചെയ്യുകയും ബാധകമായ ഡിജിസിഎ ചട്ടങ്ങൾ ലംഘിക്കാൻ അനുവദിക്കുകയും ചെയ്‌തതിന് പൈലറ്റ് ഇൻ കമാൻഡിന്‍റെ പൈലറ്റ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും ചെയ്‌തു. നിയമലംഘനം തടയുന്നതിൽ വീഴ്‌ച വരുത്തിയ സഹപൈലറ്റിന് ഡിജിസിഎ താക്കീതും നൽകിയിട്ടുണ്ട്.

ALSO READ:വിമാനത്തിന്‍റെ കോക്ക്‌പിറ്റില്‍ പൈലറ്റിന്‍റെ പെണ്‍സുഹൃത്ത് ; അന്വേഷണം ആരംഭിച്ച് എയര്‍ ഇന്ത്യ

ABOUT THE AUTHOR

...view details