ന്യൂഡൽഹി:മാതാപിതാക്കൾക്ക് ഒരു അടിപൊളി സർപ്രൈസ് കൊടുക്കണമെന്നത് ഏവരുടെയും ആഗ്രഹമാണ്. അതും മക്കളുടെ ഉയർച്ച കണ്ട് മാതാപിതാക്കള്‍ അഭിമാനിക്കുന്ന ഒരു സർപ്രൈസ് ആയാലോ. ഇരട്ടി സന്തോഷം ആയിരിക്കുമല്ലേ ആ നിമിഷം നൽകുന്നത്.
രാജസ്ഥാന്‍ സ്വദേശിയായ കമല്‍ കുമാര്‍ എന്ന പൈലറ്റ് അതിനായി തിരഞ്ഞെടുത്തത് വ്യത്യസ്‌തമായൊരു മാർഗമാണ്. താന്‍ പറത്തിയ വിമാനത്തില്‍ അച്ഛനും അമ്മയ്‌ക്കുമായി സര്‍പ്രൈസ് യാത്രയാണ് കമല്‍ കുമാര്‍ ഒരുക്കിയത്. തങ്ങൾ യാത്ര ചെയ്യാൻ പോകുന്നത് മകൻ പറത്തുന്ന വിമാനത്തിലാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
വിമാനത്തിനുള്ളില്‍ പൈലറ്റ് യൂണിഫോമില്‍ മകനെ കണ്ട അവര്‍ ആശ്ചര്യപ്പെടുക തന്നെ ചെയ്‌തു. ഈ ഹൃദയസ്‌പര്‍ശിയായ നിമിഷത്തിന്‍റെ വീഡിയോ കമല്‍ കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. കമല്‍ കുമാറിന്‍റെ അമ്മ വിമാനത്തില്‍ പ്രവേശിക്കുന്നതും മകനെ കാണുന്നതും വീഡിയോയിലുണ്ട്. തന്‍റെ നേര്‍ക്ക് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന മകനെ കണ്ട് എന്തു ചെയ്യണമെന്നറിയാതെ അല്‍പ്പനേരം അമ്മ അവിടെ നിന്നു.