ഹൈദരാബാദ് :ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബോര്‍ഡിങ് ഗേറ്റിന് സമീപം പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. നാഗ്‌പൂരില്‍ നിന്ന് പൂനെയിലേക്ക് പറക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ പൈലറ്റായ ക്യാപ്‌റ്റന്‍ മനോജ് സുബ്രഹ്മണ്യമാണ് (40) ബോര്‍ഡിങ് ഗേറ്റിന് സമീപം ബോധരഹിതനായി വീണത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ നാഗ്‌പൂരില്‍ വച്ചുണ്ടായ, ഞങ്ങളുടെ പൈലറ്റുമാരില്‍ ഒരാളുടെ അകാല വിയോഗത്തില്‍, ദുഃഖിതരാണ്. നാഗ്‌പൂര്‍ വിമാനത്താവളത്തിൽ അസുഖബാധിതനായി കണ്ട അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ അവിടെ വച്ച് ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഞങ്ങളുടെ പ്രാര്‍ഥനകള്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമുണ്ട് - വിമാനക്കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു.
സംഭവം ഇങ്ങനെ : ബുധനാഴ്‌ച (16.08.2023) പുലര്‍ച്ചെ മൂന്ന് മണിക്കും ഏഴുമണിക്കുമിടെ ഈ പൈലറ്റ് തിരുവനന്തപുരം-പൂനെ-നാഗ്‌പൂര്‍ സെക്‌ടറുകളിലായി രണ്ട് വിമാനങ്ങള്‍ പറത്തിയിരുന്നതായി ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ (ഡിജിസിഎ) ഒരു ജീവനക്കാരന്‍ അറിയിച്ചു. ഈ സെക്‌ടറുകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം ഇദ്ദേഹത്തിന് 27 മണിക്കൂര്‍ വിശ്രമമുണ്ടായിരുന്നതായാണ് ഡ്യൂട്ടി റൂസ്‌റ്ററില്‍ വ്യക്തമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നേദിവസം നാല് സെക്‌ടറുകളില്‍ ജോലി കഴിഞ്ഞ് ഇദ്ദേഹത്തിന് 27 മണിക്കൂര്‍ വിശ്രമമുണ്ടായിരുന്നതായും നാഗ്‌പൂരില്‍ നിന്നുള്ളതായിരുന്നു ആദ്യ സെക്‌ടറെന്നും വിമാനക്കമ്പനിയും അറിയിച്ചു.
മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍: പകല്‍ 12 മണിയോടെയാണ് ബോര്‍ഡിങ് ഗേറ്റിന് സമീപത്തുള്ള സുരക്ഷിത മേഖലയില്‍ ക്യാപ്‌റ്റന്‍ മനോജ് സുബ്രഹ്മണ്യം കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രഥമദൃഷ്‌ട്യാ ഹൃദയസ്‌തംഭനമുണ്ടായതായി മനസിലാക്കിയെന്ന് കിംസ് കിങ്‌വേ ഹോസ്‌പിറ്റല്‍ അറിയിച്ചു. ഉടന്‍ തന്നെ അടിയന്തരമായി സിപിആര്‍ നല്‍കിയെങ്കിലും അദ്ദേഹം അതിനോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി വക്താവായ എജാസ് ഷാമി വ്യക്തമാക്കി.
അതേസമയം രണ്ടുദിവസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. ബുധനാഴ്ച (16.08.2023) തന്നെ പറക്കലിനിടെ ഖത്തർ എയർവേയ്‌സ് പൈലറ്റ് ഹൃദയാഘാതം നേരിട്ടിരുന്നു. പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ദുബായിലേക്ക് തിരിച്ചുവിട്ടുവെങ്കിലും പാതിവഴിയില്‍ തന്നെ ഇദ്ദേഹം കുഴഞ്ഞുവീണു. തുടര്‍ന്ന് മരണം സംഭവിച്ചു.
Also read:Air India | പൈലറ്റ് എത്തിയില്ല; 8 മണിക്കൂര്‍ വൈകി ഡൽഹി - തിരുവനന്തപുരം എയർ ഇന്ത്യ വിമാനം, പ്രതിഷേധിച്ച് യാത്രക്കാർ
വിമാനം പറത്താന്‍ വിസമ്മതിച്ച് പൈലറ്റ് :കഴിഞ്ഞദിവസം പൈലറ്റിന്‍റെ പിടിവാശിയില്‍ 350ല്‍ അധികം യാത്രക്കാര്‍ മണിക്കൂറുകള്‍ വലഞ്ഞിരുന്നു. ജയ്‌പൂര്‍ (Jaipur) വിമാനത്താവളത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ A-112 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്‌പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു. എന്നാല്‍, പിന്നീട് ഇവിടെ നിന്നും ഡല്‍ഹിയിലേക്ക് വിമാനം പറത്താന്‍ അനുമതി ലഭിച്ചിട്ടും പൈലറ്റ് വിസമ്മതിക്കുകയായിരുന്നു.
ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയും തന്‍റെ ഡ്യൂട്ടി സമയവും ചൂണ്ടിക്കാട്ടിയായിരുന്നു വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയത്. ഇതോടെ മൂന്ന് മണിക്കൂറോളം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ തുടരേണ്ടിവന്നു. തുടര്‍ന്ന് ജയ്‌പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരോട് ഡല്‍ഹിയിലേക്ക് എത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു.