ഹൈദരാബാദ്: അപരിചിതന് ലിഫ്‌റ്റ് നൽകിയ ബൈക്ക് യാത്രികന് ദാരുണാന്ത്യം. തെലങ്കാന ഖമ്മം ജില്ലയിലുളള വല്ലഭി ഗ്രാമത്തിൽ തിങ്കളാഴ്‌ചയാണ്(19.09.2022) സംഭവം. ഖമ്മം സ്വദേശി ജമാൽ സാഹിബ് ആണ് മരിച്ചത്.
ജമാൽ തന്‍റെ ഗ്രാമമായ ബൊപ്പാറത്തുനിന്ന് ആന്ധ്രാപ്രദേശിലെ ജഗയ്യപ്പേട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി രണ്ടുപേർ ലിഫ്‌റ്റ് ചോദിച്ച് റോഡിൽ തടഞ്ഞു നിർത്തുകയായിരുന്നു. തങ്ങളുടെ വാഹനത്തിന്‍റെ പെട്രോൾ തീർന്നുപോയെന്നും അടുത്തുള്ള പമ്പിൽ നിന്ന് കൊണ്ടുവരാൻ സഹായിക്കണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു. സംശയാസ്‌പദമായി ഒന്നും തോന്നാതിരുന്നതിനാൽ ജമാൽ സമ്മതിക്കുകയും ചെയ്‌തു.
തുടർന്ന് സംഘത്തിലെ ഒരാളെ ബൈക്കിൽ കൂടെ കൂട്ടി. കുറച്ചുദൂരം പോയപ്പോഴേക്കും പുറകിൽ ഇരുന്നയാൾ മുഖംമൂടി ധരിച്ച ശേഷം സിറിഞ്ച് ഉപയോഗിച്ച് ജമാൽ സാഹെബിന്‍റെ പുറകിൽ കുത്തുകയായിരുന്നു. അവശത അനുഭവപ്പെട്ട ജമാൽ വണ്ടി കുറച്ചു ദൂരം കൂടി ഓടിച്ച് വഴിയരികിൽ നിർത്തി.
ഈ സമയം കൊണ്ട് പ്രതി പുറകിൽ വന്ന കൂട്ടാളിയുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. റോഡിൽ വച്ച് തന്നെ ജമാൽ ഭാര്യയെ വിളിക്കാൻ ശ്രമിക്കുകയും ഭാര്യയോടും നാട്ടുകാരോടും ബൈക്കിൽ കൂടെയുണ്ടായിരുന്നയാളെപ്പറ്റി വിശദമാക്കുകയും ചെയ്‌തു. തുടർന്ന് ബോധരഹിതനായി റോഡിൽ വീണ ജമാലിനെ നാട്ടുകാർ ചേർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജമാലിന്‍റെ മരുമകൻ നൽകിയ പരാതിയിൽ ഖമ്മം റൂറൽ സിഐ ശ്രീനിവാസ് കേസെടുത്തു. സംഭവസ്ഥലത്ത് നിന്ന് പ്രതി ഉപയോഗിച്ച സിറിഞ്ച് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജമാലിന് മുൻപ് മൈസയ്യ എന്നൊരാളോടും പ്രതികൾ ലിഫ്‌റ്റ് ചോദിച്ചിരുന്നു.
എന്നാൽ വണ്ടി നിർത്തിയെങ്കിലും കയറാതെ അയാളെ പറഞ്ഞുവിടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത് ആസൂത്രിതമായ കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്‌ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്‌തുവാണോ ജമാൽ സാഹിബിന് നൽകിയതെന്നും അന്വേഷിക്കുന്നുണ്ട്.