ഹോഷിയാർപൂർ:പഞ്ചാബിലെ ഹോഷിയാർപൂരിൽ തീർഥാടക സംഘത്തിന് നേരെ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി ഏഴ് മരണം. ഹോഷിയാർപൂരിലെ ഗർശങ്കർ സബ് ഡിവിഷനിൽ ബുധനാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ബൈശാഖി ദിനത്തോടനുബന്ധിച്ച് ശ്രീ ഗുരു രവിദാസ് ജിയുടെ വിശുദ്ധ ദേവാലയമായ ഖുറൽഗഡ് സാഹിബിലേക്ക് കാൽനടയായി പോകുകയായിരുന്ന സംഘത്തിന് നേർക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അപകടത്തിൽ 13 ഓളം പേർക്ക് പരിക്കേറ്റിറ്റുണ്ട്. രാഹുൽ (25), സുധേഷ് പാൽ (48), രാമോ (15), ഗീത ദേവി (40), ഷാമോ ദേവി, സന്തോഷ് ദേവി എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. മരിച്ചവരെല്ലാം ഉത്തർ പ്രദേശിലെ മുസാഫർനഗർ സ്വദേശികളാണ്.
ബൈശാഖി ദിനത്തോടനുബന്ധിച്ചുള്ള പ്രാർഥനകൾക്കും ചടങ്ങുകൾക്കുമായാണ് സംഘം ഹോഷിയാർപൂരിലേക്ക് എത്തിയത്. രാത്രി വൈകി കാൽനടയായി പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ട്രക്ക് ഇവരുടെ മേൽക്ക് പാഞ്ഞ് കയറുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ 13 ഓളം യാത്രക്കാർക്ക് പരിക്കേറ്റതായി ഡിഎസ്‌പി ദൽജിത് സിങ് ഖാഖ് പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ ഗർശങ്കർ സിവിൽ ഹോസ്‌പിറ്റലിലേക്ക് ഉടൻ തന്നെ കൊണ്ടുപോയി. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമായതിനാൽ ചണ്ഡീഗഡ് പിജിഐയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർ സുഖം പ്രാപിച്ച് വരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിഎസ്‌പി പറഞ്ഞു.