കാണ്‍പൂർ: ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്‌ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 മരണം. കാണ്‍പൂർ നഗരത്തിലെ ഘതംപൂർ പ്രദേശത്തെ ഭദ്യൂന ഗ്രാമത്തിൽ ശനിയാഴ്‌ച(ഒക്‌ടോബര്‍ 1) വൈകുന്നേരമാണ് അപകടമുണ്ടായത്. ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്നു ഭക്തർ സഞ്ചരിച്ച ട്രാക്‌ടറാണ് അപകടത്തിൽ പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചന്ദ്രികാദേവി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കായി പോയശേഷം ഘടംപൂരിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ട്രാക്‌ടറിൽ 50ൽ അധികം പേർ ഉണ്ടായിരുന്നതായാണ് വിവരം. സ്‌ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ അധികവും. അപകടത്തിൽ പത്തിലേറെപ്പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു.
അതേസമയം അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. കാണ്‍പൂരിലെ ട്രാക്‌ടർ-ട്രോളി അപകടത്തിൽ ദുഖം രേഖപ്പെടുത്തുന്നു. എന്‍റെ ചിന്തകൾ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്കൊപ്പമാണ്. പരിക്കേറ്റവർക്ക് പ്രാർഥനകൾ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നു, മോദി ട്വിറ്ററിൽ കുറിച്ചു.
അതേസമയം അപകടത്തിൽ മരിച്ച ഓരോരുത്തരുടേയും കുടുംബാംഗങ്ങൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ വീതവും നൽകും. ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന മന്ത്രിമാരായ രാകേഷ് സച്ചനെയും അജിത് പാലിനെയും മുഖ്യമന്ത്രി ആദിത്യനാഥ് അപകടസ്ഥലത്തേക്ക് അയച്ചിരുന്നു.