കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്‌ചയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്രാവുകളെ കണ്ടെത്തി. അപൂര്‍വമായ കോഡുകള്‍, നമ്പരുകള്‍ തുടങ്ങിയവയോടൊപ്പം കാല്‍വിരലുകളില്‍ കാമറ ഘടിപ്പിച്ച നിലയിലായിരുന്നു പ്രാവുകളെ കണ്ടെത്തിയത്. ദീര്‍ഘദൂരം പറക്കാന്‍ സാധിക്കുന്ന പ്രാവുകളെ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ചതായിരിക്കുമെന്നതാണ് സംശയം.
ചൊവ്വാഴ്‌ച(21.03.2023) പുലര്‍ച്ചെ പലചരക്ക് കടയുടെ മുകളില്‍ ഒരു പ്രാവ് അവശനിലയില്‍ ഇരിക്കുന്നതായി ജാല്‍പൈഗുരി സദാര്‍ ബ്ലോക്കിലെ നിവാസികള്‍ കണ്ടെത്തി. തുടര്‍ന്ന് കട ഉടമസ്ഥനായ ദുലാല്‍ സര്‍ക്കാര്‍ പ്രാവിനെ പിടികൂടി പരിശോധിച്ചപ്പോഴായിരുന്നു പ്രാവിന്‍റെ കാലില്‍ ഫോണ്‍ നമ്പര്‍ എഴുതിയ ഒരു വസ്‌തു ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശ് നിവാസിയായ എംഡി അക്‌ബര്‍ എന്ന വ്യക്തിയുടെ പേരിലാണ് ഫോണ്‍ നമ്പര്‍.
ചാരപ്രവര്‍ത്തിക്കെന്ന് സംശയം: എന്നാല്‍, ആ വ്യക്തിക്ക് ജാല്‍പൈഗുരി സദാര്‍ ബ്ലോക്കുമായി യാതൊരു വിധ ബന്ധവുമില്ല. ഗിരിരാജ് ഇനത്തില്‍പെട്ട പ്രാവുകളെ ഒരിക്കല്‍ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ചിരുന്നു. അതിനാല്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ വേണ്ടിയാണ് പക്ഷിയെ ഉപയോഗിച്ചതെന്ന് പ്രദേശവാസികള്‍ സംശിയിക്കുന്നു.
'ഞങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രാവിനെ ഞങ്ങളുടെ പക്കല്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ അതിനെ മോചിപ്പിച്ചു. പ്രാവിന്‍റെ കാലില്‍ കെട്ടിയ വസ്‌തുവില്‍ കാണപ്പെട്ടത് ഹിമാചല്‍ പ്രദേശിലെ ഒരു വ്യക്തിയുടെ നമ്പരായിരുന്നു'-പ്രദേശവാസിയായ പരിമാള്‍ ബിശ്വാസ് അറിയിച്ചു.
'എന്നാല്‍, ഏകദേശം 1500 കിലോമീറ്ററുകള്‍ താണ്ടി ഈ പക്ഷി എങ്ങനെ ഇവിടെ എത്തിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പ്രാവിന് മുറിവേറ്റിരിക്കുന്നതിനാല്‍ ദീര്‍ഘദൂരം പറന്ന് പോകുവാന്‍ സാധ്യതയില്ല. എന്നാല്‍, എത്ര നേരം അത് ഈ പ്രദേശത്ത് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല'- പരിമാള്‍ ബിശ്വാസ് പറഞ്ഞു.