ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം (Pickup jeep accident in Uttarakhand). വെള്ളിയാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ പിക്കപ്പ് ജീപ്പ് റോഡിൽ നിന്ന് തെന്നി കുഴിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചതായി നൈനിറ്റാൾ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായൺ മീണ സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോകുന്ന പിക്കപ്പ് ജീപ്പ് ഇന്ന് രാവിലെ നൈനിറ്റാൾ ജില്ലയിലെ ചിരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിലാണ് അപകടമുണ്ടായതെന്ന് നൈനിറ്റാൾ എസ്എസ്‌പി പറഞ്ഞു. ചീരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിൽ വച്ച് ജീപ്പിന്‍റെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടർന്ന് വാഹനം 500 മീറ്റർ താഴ്‌ചയിലേക്ക് മറിയുകയായിരുന്നെന്നും എസ്‌എസ്‌പി കൂട്ടിച്ചേര്‍ത്തു.
ജീപ്പ് കുഴിയിൽ വീഴുന്നതും അതിലെ യാത്രക്കാരുടെ നിലവിളിയും കേട്ട് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി നാട്ടുകാർ പറഞ്ഞു. പിന്നീട് പിആർഡി ജവാൻ ആയ നവീൻ അപകടത്തെക്കുറിച്ച് ലോക്കൽ പൊലീസിനെയും സിവിൽ അഡ്‌മിനിസ്ട്രേഷനെയും അറിയിച്ചു. തുടർന്ന് പ്രാദേശിക അധികാരികൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദാൽകന്യ ഗ്രാമത്തിൽ താമസിക്കുന്ന ധനി ദേവി (38), തുളസി പ്രസാദ് (35), രമാദേവി (26), തരുൺ പനേരു (5), നരേഷ് പനേരു (26), ദേവിദത്ത് (51) അഘോദ ഗ്രാമത്തിൽ താമസിക്കുന്ന ശിവരാജ് സിങ് (25), നരേഷ് സിങ് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ദാൽകന്യ നിവാസികളായ രാജേന്ദ്ര പനേരു (36), ഹേമചന്ദ്ര പനേരു (39) എന്നിവരെയും തിരിച്ചറിഞ്ഞു.