സൂറത്ത് :എല്ലുകള്‍ പൊടിയുന്ന രോഗത്തെ പാട്ടുംപാടി ഒരു 19 കാരന്‍ തോല്‍പ്പിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..! എന്നാല്‍, വിശ്വസിച്ചേ മതിയാകൂ. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ താമസിക്കുന്ന ഗുജറാത്തിലെ സൂറത്ത് വംശജനായ സ്‌പര്‍ശ് ഷായുടെ പാട്ട്, ഏതെങ്കിലും ഇട്ടാവട്ടത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല. അയാള്‍, പാടിപ്പാടി പരിമിതികളെ മറികടന്ന് ഗിന്നസ്‌ബുക്കിലും ഇടംപിടിച്ച്, അറിയപ്പെടുന്ന റാപ് ഗായകനായി വളര്‍ന്നിരിക്കുകയാണ്.
എല്ലുകള്‍ പൊടിയുന്ന രോഗത്തെയും അതിജീവിച്ച് ശ്രദ്ധേയനായി, ഇന്തോ - അമേരിക്കന്‍ വംശജനായ റാപ് ഗായകന്‍ എല്ലുകള്‍ക്ക് ഒടിവ് സംഭവിക്കുന്ന ഒരു അപൂര്‍വ അസ്ഥിരോഗമാണ് ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്‌ട (Osteogenesis Imperfecta). ഈ രോഗം ശരീരത്തിലുണ്ടാക്കിയ 150 ലധികം ഒടിവുകളെയും അതിജീവിച്ച സ്‌പര്‍ശ് ഷാ, ഗായകനുപുറമെ ഗാനരചയിതാവ്, മോട്ടിവേഷണൽ സ്‌പീക്കര്‍ എന്നീ നിലകളില്‍ തിളങ്ങി. 2003 ൽ ന്യൂജഴ്‌സിയിലെ ഇസെലിനിലെ സൂറത്ത് കുടുംബത്തിലാണ് ഈ മിടുമിടുക്കന്‍ ജനിച്ചത്. ബാല്യവും കൗമാരവും പിന്നിട്ട് ഈ വ്യത്യസ്‌ത ജീവിതം വീല്‍ ചെയറോടിച്ചാണ് ഷാ സധൈര്യം മുന്നോട്ട് കൊണ്ടുപോവുന്നത്.
ആരാധകരുടെ സ്വന്തം 'ടോപ് സിങ്ങര്‍' :യുഎസിലെ ന്യൂജഴ്‌സിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇയാള്‍ നിലവില്‍ സ്വദേശത്താണുള്ളത്. ഇനിയും അസ്ഥികള്‍ക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യതയുള്ളപ്പോള്‍ അതൊന്നും കൂസാതെയാണ് ലോകത്തിലെ ഏറ്റവും മികച്ച സംഗീത അക്കാദമികളിലൊന്നായ ബ്രാക്ക്‌സിയിൽ ബിരുദത്തിന് ചേര്‍ന്നത്. ശാരീരികവും മാനസികവുമായ വേദനകളില്‍ നിന്നുള്ള സാന്ത്വനമായാണ് സ്‌പര്‍ശ്, സംഗീതവുമായി കൂട്ടൂതേടുന്നത്. പാട്ട് കേള്‍ക്കുന്നത് പാടുന്നതിലേക്കും ഗാനരചനയിലേക്കും എത്തിച്ചു.
അമേരിക്കന്‍ റാപ് ഗായകന്‍ എന്ന നിലയ്‌ക്ക് വലിയൊരു ആരാധകവൃന്ദം സ്‌പര്‍ശിനുണ്ട്. പുറമെയാണ്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് മോട്ടിവേഷണല്‍ സ്‌പീക്കറെന്ന നിലയ്‌ക്ക് പുത്തന്‍ ഉണര്‍വേകുന്ന വ്യക്തിയായി മാറിയത്. തന്‍റെ എല്ലാ തരത്തിലുമുള്ള വെല്ലുവിളികളെയും സാധ്യതകളാക്കുന്നതിലായിരുന്നു ഈ അതുല്യ പ്രതിഭയുടെ മിടുക്ക്.
'സംഗീതം തന്നെ പ്രതിവിധി': 'ജീവിതത്തിലുണ്ടായ വെല്ലുവിളികള്‍ ദൈവം നൽകിയ രഹസ്യശക്തിയായാണ് ഞാന്‍ കണക്കാക്കിയത്. പ്രതിസന്ധികള്‍ എപ്പോഴും ഒരു ചെറിയ കാലത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് സംഗീതം നല്ലതാണ്. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഇത് നമ്മളെ അകറ്റി നിർത്തുന്നു. എനിക്ക് വേദനയുണ്ടായപ്പോഴെല്ലാം സംഗീതം തന്നെയാണ് പ്രതിവിധിയായത്' - ആത്‌മവിശ്വാസത്തോടെ സ്‌പര്‍ശ് ഷാ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
ഷായെന്ന ആത്മവിശ്വാസം :ഹിപ് ഹോപ്, റാപ്, റോക്ക് തുടങ്ങി 75-ലധികം സംഗീത ശാഖകളിലും ഈ ഇന്ത്യന്‍ വംശജന്‍ കുറഞ്ഞ കാലയളവുകൊണ്ടാണ് തകര്‍പ്പന്‍ വരികളൊരുക്കിയത്. റാപ്പില്‍ ഇന്ത്യൻ സംഗീതം കലര്‍ത്തിയുള്ള പരീക്ഷണത്തിനും ഷാ മുതിര്‍ന്നിട്ടുണ്ട്. ജനലക്ഷങ്ങളുടെ ആത്മാവിനെ വൈകാരികമായി സ്‌പര്‍ശിക്കുന്നതാണ് ഇന്ത്യൻ സംഗീതമെന്നാണ് 19 കാരന്‍റെ പക്ഷം.
13 വർഷമായി ഷാ, ഇന്ത്യൻ സംഗീതം പഠിക്കുന്നു. പുറമെയാണ്, അമേരിക്കയിലെ ബ്രാക്ക്‌ലി മ്യൂസിക് അക്കാദമിയിൽ സമകാലിക സംഗീതവും ഈ യുവാവ് പഠിക്കുന്നത്. 'നമ്മള്‍ എപ്പോഴും, ചട്ടക്കൂടുകള്‍ ഭേദിക്കുന്നവരായി നിലകൊള്ളണം. അതാണ് പ്രധാനം'. ഷായെന്ന ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപം അര്‍ഥശങ്കയ്‌ക്ക് ഇടയില്ലാതെ പറയുന്നു.