മുംബൈ :മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ മൊബൈല്‍ ആപ്പ് വഴി പ്രചരിപ്പിക്കുന്നതായി പരാതി. ഗിറ്റ്ഹബ്ബ് എന്ന ആപ്പ് വഴിയാണ് അശ്ലീല ചുവയോടെ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലിം സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന 'സുള്ളി' എന്ന പദം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. 'സുള്ളി ഓഫ് ദ ഡേ' എന്ന പ്രയോഗംവച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായി കൈമാറ്റം ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Also Read: സ്‌ത്രീക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു; യുപിയില്‍ എസ്‌ഐ അറസ്റ്റില്‍
ആപ്പിലെ 'ബുള്ളി ഭായ്' സംവിധാനം വഴിയാണ് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം തന്നെ നിരവധി പേര്‍ ഇക്കാര്യം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സംഭവത്തില്‍ കേസ് എടുത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യമെന്ന് ആവശ്യപ്പെട്ട് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്ത് എത്തി.
മുംബൈ പൊലീസിനോട് അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചതായും ചതുര്‍വേദി ട്വീറ്റ് ചെയ്തു. വിഷയം ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ സ്വാധീനമുള്ള മുസ്ലിം സ്ത്രീകളെ കണ്ടെത്തി അവരുടെ ചിത്രങ്ങളാണ് ആപ്പില്‍ ഉപയോഗിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച് കേസുകളെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.