ജയ്‌പൂർ : രാജസ്ഥാനിൽ കാർ ടാങ്കറിൽ ഇടിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഫലോഡി-ജയ്‌സാൽമീർ ഹൈവേയിലാണ് അപകടമുണ്ടായത്. ഒരേ കുടുംബത്തിലുള്ളവർ സഞ്ചരിച്ച ബൊലേറോ നിർത്തിയിട്ടിരുന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ അഞ്ച് പേർ മരിച്ചു. ഒരാൾ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സരിഫോ (56), സെയ്ർ ഖാൻ (66), ഖാത്തൂൺ (50), അലാദിൻ (60), എംജ (72), ഇനായത്ത് (40) എന്നിവരാണ് മരിച്ചത്. ഹജ്ജ് തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബം ബന്ദേവയിൽ താമസിക്കുന്ന ബന്ധുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഫലോഡി പൊലീസ് ഓഫിസർ ഓം പ്രകാശ് ബിഷ്‌ണോയ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് സര്‍ക്കാര്‍ ഉറപ്പുനൽകിയിട്ടുണ്ട്.
വാൻ ബസുമായി കൂട്ടിയിടിച്ച് 7 മരണം : രണ്ട് ദിവസം മുൻപാണ് ദീദ്വാന-കുചമാൻ ജില്ലയിൽ വാൻ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചത്. ഖുൻഖുന പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബന്തടി ഗ്രാമത്തിന് സമീപം ഓഗസ്‌റ്റ് 12ന് വൈകുന്നേരമാണ് അപകടമുണ്ടായത്. സിക്കറിൽ നിന്ന് നാഗൗറിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ജയ്‌പൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
Read More :Rajasthan| വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ ഏഴ് പേർ; അപകടം വാനും ബസും കൂട്ടിയിടിച്ച്