കേരളം

kerala

By

Published : Jul 13, 2023, 4:57 PM IST

ETV Bharat / bharat

PFI | 'രാജ്യം ശക്തം, ജനങ്ങൾ മറുപടി പറയും'; പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡിയോട് സുപ്രീംകോടതി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവ് അബ്‌ദുൾ റസാഖ് പീടിയയ്ക്കലിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനോടായിരുന്നു കോടതിയുടെ പ്രതികരണം

PFI leader  Money Laundering Case  PFI leader Money Laundering Case  Supreme Court  ED  Nation is quite strong  PFI  രാജ്യം ശക്തം  ജനങ്ങൾ മറുപടി പറയും  പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ ജാമ്യാപേക്ഷ  പോപ്പുലര്‍ ഫ്രണ്ട്  ഇഡിയോട് സുപ്രീം കോടതി  ഇഡി  സുപ്രീംകോടതി  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  അബ്‌ദുൾ റസാഖ്
'രാജ്യം ശക്തം, ജനങ്ങൾ മറുപടി പറയും'; പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ ജാമ്യാപേക്ഷയില്‍ ഇഡിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി :കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നേതാവ് അബ്‌ദുൾ റസാഖ് പീടിയയ്ക്കലിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് രാജ്യത്തിന്‍റെ ശക്തിയെക്കുറിച്ച് വ്യക്തമാക്കിക്കൊടുത്ത് സുപ്രീം കോടതി. നമ്മുടെ രാജ്യം ശക്തമാണെന്നും സമയം വരുമ്പോള്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കിത്തുടങ്ങുമെന്നും കോടതി പറഞ്ഞു.

ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഓരോ തവണയും പറഞ്ഞതുതന്നെ ആവര്‍ത്തിച്ച് പൈശാചികത കാണിക്കരുതെന്ന് ജസ്‌റ്റിസ് എ.എസ് ബൊപ്പണ്ണ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അബ്‌ദുല്‍ റസാഖിന് ജാമ്യം നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ആവര്‍ത്തിച്ചുപറയുന്ന ഇഡിയോടായിരുന്നു കോടതിയുടെ പരാമര്‍ശം. രാഷ്‌ട്രം അത്ര ദുർബലമാണെന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ രാജ്യം വളരെ ശക്തമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ ആളുകൾക്ക് അത് നശിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. സമയമാകുമ്പോൾ ജനങ്ങൾ തന്നെ മറുപടി നല്‍കും.

ഹർജിക്കാരന്‍റെ വിമാനയാത്രയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അതിനെതിരായ ജാമ്യ വ്യവസ്ഥകളുണ്ടെങ്കിൽ രാജ്യം വിടാൻ സാധിക്കില്ലല്ലോയെന്നും ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഒരു വർഷമായി അകത്തുകിടക്കുന്നയാളെ വീണ്ടും അകത്തുതന്നെ സൂക്ഷിക്കുന്നതെന്തിനെന്നും ബെഞ്ച് ഇഡിയോട് ചോദ്യമെറിഞ്ഞു.

ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി :ഇയാള്‍ പുറത്തുകടന്നാല്‍ സാക്ഷികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും, പിഎഫ്ഐയുമായി ബന്ധമുള്ള സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിയുമെന്നും ഇഡിയ്‌ക്കായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി രാജു അറിയിച്ചു. ഒരു പാസ്‌പോര്‍ട്ട് എടുത്ത് നേപ്പാൾ റൂട്ടിലൂടെ രക്ഷപ്പെട്ടാല്‍ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അവിടങ്ങളില്‍ നിരവധി ഒളിത്താവളങ്ങളുണ്ടെന്നും എസ്‌.വി രാജു കോടതിയെ ധരിപ്പിച്ചു. എന്നാല്‍ കേസിലെ മറ്റുള്ളവരെല്ലാം ജാമ്യം ലഭിച്ച് പുറത്തെത്തിയപ്പോള്‍ ഇയാളെ മാത്രം അഴികള്‍ക്കുള്ളില്‍ നിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആശ്ചര്യപ്പെടുകയാണുണ്ടായത്.

വാദങ്ങളും മറുവാദങ്ങളും:ഇയാള്‍ വിദേശത്താണ് താമസിക്കുന്നത്. അയാള്‍ക്ക് പണം ശേഖരിച്ച് നിരോധിത സംഘടനയ്ക്ക് നൽകാമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ സംഘടനയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ഒന്നും തന്നെയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. അബ്‌ദുൾ റസാഖ് പീടിയയ്ക്കലിനായി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ദവെയാണ് ഹാജരായത്. താങ്കളുടെ കക്ഷി ആഴ്‌ചയില്‍ രണ്ടുതവണ പൊലീസിലോ അതുപോലുള്ള അധികാരികളുടെയോ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദവെയോട് ബെഞ്ച് നിര്‍ദേശിച്ചു.

എന്നാല്‍ അവരുടെ സംഘടനയിൽ പരേഡുകൾ നടത്തുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അർദ്ധസൈനികരുണ്ടെന്നും അത് വളരെ അപകടകരമായ സംഘടനയാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജു വാദിച്ചു. എന്നാല്‍ കേസിൽ എത്ര സംരക്ഷിത സാക്ഷികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി തിങ്കളാഴ്ച കോടതിയെ അറിയിക്കാനും വിചാരണയുടെ പുരോഗതി കോടതിയെ ധരിപ്പിക്കാനും ബെഞ്ച് പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. മാത്രമല്ല കേസിലെ തുടര്‍വാദവും നടപടികളും കോടതി മാറ്റിവച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പിഎഫ്ഐയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്.

ABOUT THE AUTHOR

...view details