ഹൈദരാബാദ്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്‍ഐഎ റെയ്‌ഡ്. ആന്ധ്രാപ്രദേശിലെ കുർണൂൽ, നെല്ലൂർ, കടപ്പ, ഗുണ്ടൂർ എന്നിവിടങ്ങളിലും തെലങ്കാനയിലെ നിസാമാബാദിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ റെയ്‌ഡ് നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഷാദുല്ലയുടെ വസതിയിലും ഏജൻസി പരിശോധന നടത്തുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അബ്‌ദുല്‍ ഖാദറിനും മറ്റ് 26 പേര്‍ക്കുമെതിരെ നിസാമാബാദ് പൊലീസ് രണ്ടര മാസത്തിന് മുമ്പ് എഫ്‌ഐആർ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ 2022 ഓഗസ്‌റ്റ് 26ന് ഹൈദരാബാദിലെ എൻഐഎ പൊലീസ് സ്‌റ്റേഷനിൽ ഒരു കേസ് കൂടി വീണ്ടും രജിസ്‌റ്റർ ചെയ്തതിന് പിന്നാലെയാണ് എന്‍ഐഎ റെയ്‌ഡ്. ഇരു സംസ്ഥാനങ്ങളിലും ഒരേസമയത്ത് റെയ്‌ഡ് നടക്കുന്നതിനാല്‍ എൻഐഎ നിരവധി സംഘങ്ങളെയാണ് വിവിധ ജില്ലകളിലേക്ക് അയച്ചിട്ടുള്ളത്. ഇതുപ്രകാരം നിസാമാബാദിലെ വീടുകളിലും സംശയാസ്പദമായ മറ്റ് സ്ഥലങ്ങളിലുമായി 23 എൻഐഎ സംഘങ്ങളും, കുർണൂൽ, കടപ്പ ജില്ലകളിലായി 23 സംഘങ്ങളും, ഗുണ്ടൂർ ജില്ലയിൽ രണ്ടു സംഘവുമാണ് പരിശോധന നടത്തിവരുന്നത്.