പൂനെ: പ്രതിഷേധത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. പിഎഫ്ഐക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് പൂനെ ജില്ല കലക്‌ടറേറ്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകരുടെ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം. പ്രദേശത്ത് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് 60ലധികം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ തന്നെ പ്രതിഷേധം സംഘടിപ്പിക്കരുതെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് നിരസിച്ചാണ് പ്രവര്‍ത്തകര്‍ കലക്‌ട്‌റേറ്റിന് പുറത്ത് സംഘടിച്ചത്. തുടര്‍ന്ന് പ്രതിഷേധക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 141, 143, 145, 147, 149(നിയമവിരുദ്ധമായ കൂടി ചേരല്‍), 188(ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതിരുന്നത്), 341( അനാവശ്യ നിയന്ത്രണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.