ന്യൂഡല്‍ഹി: കുടുംബ ബജറ്റ് താളം തെറ്റിച്ച് രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. ഡീസലിന് 30 പൈസയും പെട്രോളിന് 25 പൈസയും പ്രകൃതി വാതകത്തിന് 62 ശതമാനവും വില ഉയര്‍ന്നു. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഇന്ധനവില കൂടാന്‍ കാരണമായതെന്നാണ് നിഗമനം. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് 78 ഡോളറാണ് വില.
കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡീസല്‍ വിലയില്‍ 1.55 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില കൂടിയതോടെ കൊച്ചിയില്‍ പെട്രോള്‍ 102.20 പൈസയും, ഡീസലിന് 95.22 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.17 രൂപയും, ഡീസല്‍ വില 97.13 രൂപയും വര്‍ധിച്ചു, കോഴിക്കോട് പെട്രോളിന് 102.41 രൂപയും, ഡീസലിന് 95.43 രൂപയായും വര്‍ധിച്ചിട്ടുണ്ട്. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 21 പൈസ വർദ്ധിച്ച് 107.99 രൂപയായി, ഡീസൽ വില ലിറ്ററിന് 97.80 രൂപയായി ഉയർന്നു.